
ദോഹ: ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എക്കെതിരെ പാകിസ്താൻ ഷഹീൻസിന് എട്ടുവിക്കറ്റ് ജയം. വിജയലക്ഷ്യമായ 137 റൺസ് 13.2 ഓവറിൽ അനായാസമായി അടിച്ചെടുക്കുകയായിരുന്നു. ഷഹീൻസ് ഓപണറായ മാസ് സദാഖത് ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കുകയായിരുന്നു. 47 ബോളിൽ 79 റൺസ് നേടിയ മാസാണ് വിജയശിൽപിയായി. മുഹമ്മദ് നയീമും യാസിർ ഖാനുമാണ് പുറത്തായ ബാറ്റർമാർ. മുഹമ്മദ് ഫായ്ഖ് 14 ബാളിൽ 16 റൺസെടുത്ത് നോട്ടൗട്ടായി. ടോസ് നഷ്ടപ്പെട്ട്
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എക്ക് ഭേദപ്പെട്ട തുടക്കമായിരുന്നു. ആക്രമിച്ച് കളിച്ച വൈഭവിനൊപ്പം 30 റണ്‍സ് ചേര്‍ത്ത ശേഷം പ്രിയാൻശ് ആര്യ (10) ആദ്യം മടങ്ങി. ഷാഹിദ് അസീസിന് ക്യാച്ച്. എങ്കിലും വൈഭവ് ആക്രമണം തുടര്‍ന്നു. മൂന്നാം വിക്കറ്റില്‍ നമന്‍ ധിര്‍നൊപ്പം 49 റണ്‍സ് ചേര്‍ക്കാന്‍ സൂര്യവൻശിക്ക് സാധിച്ചു. ധിര്‍ പുറത്തായ ശേഷം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. അര്‍ധ സെഞ്ചുറിക്ക് മുമ്പ് സൂര്യവന്‍ശി മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്സ്.
ഷഹീൻസിനായി ഷാഹിദ് അസീസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സാദ് മസൂദും മാസ് സദാഖത്തും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.ജിതേശ് ശര്‍മ (5), നെഹല്‍ വധേര (8), അശുതോഷ് ശര്‍മ (0), രമണ്‍ദീപ് സിങ് (11), യാഷ് താക്കൂര്‍ (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഹര്‍ഷ് ദുബെയുടെ (19) ഇന്നിങ്സ് വെല്ലുവിളിക്കാന്‍ പോന്ന സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചു. സുയഷ് ശര്‍മ (0) നോട്ടൗട്ട്. ഗുര്‍ജന്‍പ്രീത് സിംഗ് (1) നോട്ടൗട്ട്. ഇന്ത്യ ആദ്യ മത്സരത്തില്‍ 148 റണ്‍സിന് യുഎഇയെ തോല്‍പ്പിച്ചിരുന്നു. യുഎഇക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്.
