ടിബിലിസി (ജോർജിയ): മുൻ ചാമ്പ്യന്മാരായ സ്പെയിൻ 2026 ഫിഫ ലോകകപ്പ് യോഗ്യതക്കരികെ. ഗ്രൂപ് ഇ-യിലെ അഞ്ചാം മത്സരത്തിൽ ജോർജിയയെ മറുപടിയില്ലാത്ത നാല് ഗോളിന് തോൽപിച്ചു ഇവർ. മൈക്കൽ ഒയർസബൽ (11ാം മിനിറ്റിൽ പെനാൽറ്റി, 63), മാർട്ടിൻ സുബിമെൻഡി (22), ഫെറാൻ ടോറസ് (34) എന്നിവരായിരുന്നു സ്കോറർമാർ. അഞ്ചും ജയിച്ച സ്പെയിനിന് 15 പോയന്റായി.
ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ തുർക്കിയയുമായാണ് അവസാന മത്സരം. 12 പോയന്റുള്ള തുർക്കിയയോട് തോറ്റാലും നിലവിലെ സാഹചര്യത്തിൽ സ്പാനിഷ് പടക്ക് ആശങ്കയില്ല. ഇതുവരെ ഒരു ഗോൾപോലും വഴങ്ങാത്ത ടീം 19 എണ്ണം അടിച്ചിട്ടുണ്ട്. ഈ ഗോൾ വ്യത്യാസം മറികടക്കാൻ ഏഴ് ഗോളിനെങ്കിലും എതിരാളികൾ ജയിക്കണം. ബൾഗേറിയയെ 2-0ത്തിന് തോൽപിച്ചാണ് തുർക്കിയ പോയന്റ് ഉയർത്തിയത്.
