‘ആളുടെ വലുപ്പമല്ല, പോരാട്ടമാണ് പ്രധാനം’; ബവുമയുടെ ഉയരക്കുറവിനെ കളിയാക്കിയ താരങ്ങളെ പരോക്ഷമായി വിമർശിച്ച് വസിം ജാഫർ



മുംബൈ: കൊൽക്കത്ത ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സിനിടെ ഇന്ത്യൻ താരങ്ങൾ പ്രോട്ടസ് ക്യാപ്റ്റൻ തെംബ ബവുമയുടെ ഉയരക്കുറവിനെ കളിയാക്കിയത് വലിയ ചർച്ചയായിരുന്നു. ബവുമക്ക് നേരെ ബോഡി ഷെയിമിങ് നടത്തിയതാണെന്നും ഇന്ത്യൻ താരങ്ങൾ ചെയ്തത് ശരിയായില്ലെന്നും നിരവധിപേർ അഭിപ്രായപ്പെടുകയും ചെയ്തു. രണ്ടാം ഇന്നിങ്സിൽ അപാരാജിത അർധ സെഞ്ച്വറിയുമായി കളംനിറഞ്ഞ ബവുമയുടെ ഇന്നിങ്സിന്‍റെ കരുത്തിലാണ് സന്ദർശകർ ജയം പിടിച്ചത്. മറ്റൊരു താരവും 40 റൺസ് പിന്നിടാത്ത പിച്ചിൽ പോരാട്ട മികവ് കാഴ്ചവെച്ച താരത്തെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം വസിം ജാഫർ. ഇതിൽ പരോക്ഷമായി, ബവുമയെ കളിയാക്കവർക്കുള്ള മറുപടിയും അദ്ദേഹം നൽകുന്നുണ്ട്.

“മൂന്ന് ഇന്നിങ്സുകളിലായി ഒരു ബാറ്റർ പോലും 40 പിന്നിടാത്ത പിച്ചിൽ ഈ മനുഷ്യൻ പുറത്താകാതെ നേടിയ 55 റൺസ് അദ്ദേഹത്തിന്‍റെ ടീമിന് പൊരുതാനുള്ള അവസരം നൽകിയിരിക്കുന്നു. പോരാട്ടത്തിൽ ആളുടെ വലുപ്പത്തിനല്ല, അയാളുടെ പോരാട്ടത്തിന്‍റെ വലുപ്പത്തിനാണ് പ്രാധാന്യം. നന്നായി കളിച്ചു തെംബ ബവുമ” -വസിം ജാഫർ എക്സിൽ കുറിച്ചു. നാലാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യൻ താരങ്ങൾക്കും വലിയ സ്കോർ കണ്ടെത്താനായില്ലെന്നത് ശ്രദ്ധേയമാണ്. 31 റൺസ് നേടിയ വാഷിങ്ടൺ സുന്ദറാണ് അവസാന ഇന്നിങ്സിലെ ടോപ് സ്കോറർ.

നേരത്തെ മത്സരത്തിന്‍റെ ഒന്നാം ദിനം ദക്ഷിണാഫ്രിക്കൻ താരങ്ങൾ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇന്ത്യൻ താരങ്ങൾ ബവുമയെ കളിയാക്കിയത്. ബുംറ എറിഞ്ഞ പന്തിൽ എൽ.ബി.ഡബ്ല്യുവിനായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് നൽകിയില്ല. ബവുമയുടെ തുടയിലാണ് പന്ത് കൊണ്ടത്. പന്ത് വിക്കറ്റിനു മുകളിലാണെന്ന് നിരീക്ഷിച്ചാണ് അമ്പയർ നോട്ടൗട്ട് വിധിച്ചത്. ടി.വി റിപ്ലേയിൽ ഇക്കാര്യം വ്യക്തമാകുകയും ചെയ്തു. ഇതിനിടെ ബുംറ, ബവുമക്ക് പൊക്കം കുറഞ്ഞതിനാലാണ് തുടയിൽ കൊണ്ടതെന്ന് പറയുകയും ‘കുള്ളൻ’ എന്നർഥം വരുന്ന പദം ഉപയോഗിക്കുകയും ചെയ്തു. ഇതുകേട്ട് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ചിരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവനിനരുന്നു. സംഭാഷണം കേട്ടെങ്കിലും ബവുമ പ്രതികരിച്ചിരുന്നില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ ബവുമയെ താരങ്ങൾ അധിക്ഷേപിച്ചെന്ന് കാണിച്ച് വ്യാപക വിമർശനമുയർന്നു. പിന്നാലെയാണ് വസീം ജാഫറിന്‍റെ എക്സ് പോസ്റ്റ്.

അതേസമയം ലോകചാമ്പ്യന്മാരായി ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യ 30 റൺസിന് തോറ്റു. 124 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ടീം ഇന്ത്യയുടെ ഇന്നിങ്സ് കേവലം 93 റൺസിൽ അവസാനിച്ചു. 3സൈമൺ ഹാർമർ നാലും കേശവ് മഹാരാജ് മൂന്നും വിക്കറ്റുകൾ പിഴുതു. 15 വർഷത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ടെസ്റ്റ് മത്സരം ജയിക്കുന്നത്. കൊൽക്കത്തയിൽ ടീം ഇന്ത്യക്ക് 2012നു ശേഷമുള്ള ആദ്യ തോൽവിയുമാണിത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 22ന് ഗുവാത്തിയിൽ ആരംഭിക്കും. സ്കോർ: ദക്ഷിണാഫ്രിക്ക – 159 & 153, ഇന്ത്യ -189 & 93.



© Madhyamam