രഞ്ജിയിൽ കേരളത്തിന് ബാറ്റിങ് തകർച്ച, മധ്യപ്രദേശിനെതിരെ മുൻനിര തകർന്നടിഞ്ഞു



ഇന്ദോർ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സീസണിലെ അഞ്ചാം മത്സരത്തിനിറങ്ങിയ കേരളത്തിന് ബാറ്റിങ് തകർച്ച. ഇന്ദോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ മധ്യപ്രദേശിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെന്ന നിലയിലാണ്.

ഓപ്പണര്‍മാരായ അഭിഷേക് നായര്‍, രോഹന്‍ കുന്നുമ്മല്‍, അങ്കിത് ശര്‍മ, സചിന്‍ ബേബി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ആദ്യ സെഷനില്‍ നഷ്ടമായത്. 23 പന്തിൽ 13 റൺസുമായി ബാബാ അപരാജിതും 18 പന്തിൽ 14 റൺസുമായി നായകൻ മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിലുള്ളത്.

ക്രീസിലിറങ്ങിയ കേരളത്തിന് ഇന്നിങ്സിലെ രണ്ടാം ഓവറില്‍ തന്നെ ആദ്യ പ്രഹരമേറ്റു. സ്കോര്‍ ബോർഡ് തുറക്കുന്നതിനു മുമ്പേ രോഹന്‍ കുന്നുമ്മലിന്‍റെ വിക്കറ്റ് നഷ്ടമായി. ആറു പന്തുകൾ നേരിട്ട താരം കുമാർ കാർത്തികേയയുടെ പന്തിൽ ഹർപ്രീത് സിങ്ങിനെ ക്യാച്ച് നൽകിയാണ് മടങ്ങിയത്.

അഭിഷേക് നായരും അങ്കിത് ശര്‍മയും ശ്രദ്ധയോടെ ബാറ്റുവീശി സ്കോർ 50 കടത്തിയത് കേരളത്തിന് പ്രതീക്ഷ നൽകി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 54 റൺസാണ് നേടിയത്. അങ്കിതിനെ (53 പന്തിൽ 20 റൺസ്) എൽ.ബി.ഡബ്ല്യുവിൽ കുരുക്കി സാരാൻഷ് ജെയിനാണ് കൂട്ടുകെട്ട് പൊളിച്ചത്. മുന്‍ നായകന്‍ സചിൻ ബേബി എട്ട് പന്ത് നേരിട്ടെങ്കിലും റണ്ണൊന്നും എടുക്കാതെ മടങ്ങി. സചിനെയും സാരാൻഷ് എൽ.ബി.ഡബ്ല്യു.വിൽ പുറത്താക്കുകയായിരുന്നു. സന്ദർശകർ മൂന്ന് വിക്കറ്റിന് 60 റൺസിലേക്ക് വീണു. അധികം വൈകാതെ അർധ സെഞ്ച്വറിക്കരികെ അഭിഷേക് ജെ നായരെയും കേരളത്തിന് നഷ്ടമായി. 113 പന്തിൽ ഏഴു ഫോറടക്കം 47 റൺസെടുത്ത താരത്തെ അർഷാദ് ഖാനാണ് പുറത്താക്കിയത്.

സീസണിൽ ഇതുവരെ കേരളത്തിന് ഒരു ജയം പോലുമില്ല. നാലിൽ മൂന്ന് സമനിലയും ഒരു തോൽവി‍യുമായി അഞ്ച് പോയന്റ് മാത്രമാണ് കേരളത്തിന്റെ സമ്പാദ്യം. എട്ട് ടീമുകളുള്ള ഗ്രൂപ് ബിയിൽ ഏഴാമത് നിൽക്കുന്ന മുഹമ്മദ് അസ്ഹറുദ്ദീനും സംഘത്തിനും തിരിച്ചുവരവ് പ്രതീക്ഷ മങ്ങി‍യ സ്ഥിതിയാണ്. ചരിത്രം കുറിച്ച് കഴിഞ്ഞ തവണ റണ്ണറപ്പായ ടീമാണ് കേരളം. 15 പോയന്റുമായാണ് മധ്യപ്രദേശ് ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്.



© Madhyamam