ഇന്റർകോണ്ടിനെന്റൽ കപ്പ്: പ്രീ സെയിൽ ടിക്കറ്റ് വിൽപന ആരംഭിച്ചു

ദോഹ: ക്ലബ് ഫുട്ബാളിലെ വൻകരകളുടെ പോരാട്ടമായ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ പ്രീ-സെയിൽ ടിക്കറ്റ് വിൽപന ആരംഭിച്ചു. വിസ കാർഡ് www.roadtoqatar.qa എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് സ്വന്തമാക്കാം. 20 ഖത്തർ റിയാലാണ് ടിക്കറ്റ് നിരക്ക്. നവംബർ 23ന് രാവിലെ എട്ടുമുതൽ പൊതുവിൽപന ആരംഭിക്കും. ഫിഫ ലോകകപ്പ് മത്സരങ്ങളുടെ വേദികളിലൊന്നായ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഡിസംബർ 10, 13, 17 തീയതികളിലായാകും ഇന്റർകോണ്ടിനെന്റൽ കപ്പ് നടക്കുക. ഫിഫ കോൺഫെഡറേഷൻസ് കപ്പിലെ അവസാന മൂന്ന് മത്സരങ്ങൾക്കാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്നത്.

തുടർച്ചയായ രണ്ടാംവർഷമാണ് ഖത്തർ ടൂർണമെന്റിലെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയ പി.എസ്.ജിയാണ് ഈ സീസണിലെ ഫൈനലിസ്റ്റ്. ഡിസംബർ 17നാണ് പി.എസ്.ജി മാറ്റുരക്കുന്ന 2025ലെ ഇന്റർക്കൊണ്ടിനെന്റൽ കപ്പ് ഫൈനൽ മത്സരം ഖത്തറിൽ നടക്കുക. ഇതിന് മുമ്പായി മറ്റ് വൻകരകളിലെ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള അമേരിക്കൻ കപ്പ്, ചലഞ്ചർ കപ്പ് മത്സരങ്ങളും ഖത്തറിൽ നടക്കും. ചലഞ്ചർ കപ്പിലെ വിജയികളാകും ഫൈനലിൽ യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജിയെ നേരിടുന്നത്.

ഖത്തറിലെ മത്സരങ്ങളുടെ പൂർണമായ ഫോർമാറ്റ് ഇപ്രകാരമാണ്: ഡിസംബർ 10ന് അമേരിക്കൻ ചാമ്പ്യന്മാരെ കണ്ടെത്തുന്നതിനുള്ള അമേരിക്കൻ കപ്പ് ഡെർബി മുതലാണ് ഖത്തറിലെ മത്സരങ്ങളുടെ തുടക്കം. മെക്‌സിക്കോയിൽ നിന്നുള്ള ക്രൂസ് അസുലും സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരും തമ്മിലാകും ആദ്യ മത്സരം. ഡിസംബർ 13ന് നടക്കുന്ന ചലഞ്ചർ കപ്പ് മത്സരത്തിൽ അമേരിക്കൻ കപ്പ് ജേതാക്കൾ, ആഫ്രിക്ക, ഏഷ്യ-പസഫിക് നോക്കൗട്ട് മത്സരത്തിലെ വിജയിയെ നേരിടും.

ചലഞ്ചർ കപ്പ് വിജയിക്കുന്ന ടീമാകും 17ന് നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ പി.എസ്.ജിയെ നേരിടുക. കഴിഞ്ഞ സീസണിലെ മത്സരങ്ങളും ഡിസംബറിലാണ് ഖത്തറിൽ അരങ്ങേറിയത്. ഫൈനലിൽ മെക്സിക്കൻ കരുത്തരായ പചൂക്കയെ മൂന്ന് ഗോളിന് കീഴടക്കിയായിരുന്നു റയൽ മാഡ്രിഡ് ചാമ്പ്യന്മാരായത്. എല്ലാ ടിക്കറ്റുകളും ഡിജിറ്റൽ രൂപത്തിലായിരിക്കും ലഭ്യമാകുക. കൂടാതെ ഭിന്നശേഷിയുള്ള ആരാധകർക്കായി പ്രവേശന സൗകര്യമുള്ള സീറ്റിങ് ഓപ്ഷനുകളും ഉണ്ടാകും.



© Madhyamam