ലീഡ് തേടി ഇന്ത്യ; നാലിന് 147, രാഹുൽ 4000 ക്ലബിൽ



കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്റെ രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 45 ഓവര്‍ പിന്നിടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്കുള്ള ദൂരം 11റണ്‍സ് മാത്രം. രവീന്ദ്ര ജദേജയും (12) ധ്രുവ് ജുറേലുമാണ് (14) ക്രീസിൽ. ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് രാഹുലും സുന്ദറും ചേർന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും സ്കോർ 29ൽ നിൽക്കേ സുന്ദർ ഹാർമറിന്റെ ബോളിൽ സ്‍ലിപ്പിൽ മാർക്രമിന് ക്യാച്ച് നൽകുകയായിരുന്നു.

തുടർന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എത്തി ഒരു ബൗണ്ടറി നേടിയെങ്കിലും ഷോട്ടിനിടെ പിൻ കഴുത്തിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് റിട്ടയേഡ് ഹർട്ടായി. ഇന്നിങ്സിനിടെ രാഹുൽ ടെസ്റ്റിൽ 4,000 റൺസെന്ന നാഴികക്കല്ലും പിന്നിട്ടു. സ്കോർ ഉയർത്തുന്നതിനിടെ രാഹുൽ കേശവ് മഹാരാജി​െൻറ ബോളിൽ സ്‍ലിപ്പിൽ മാർക്രമിന് ക്യാച്ച് നൽകി പുറത്തായി. 119 ബോളിൽ 39 റൺസെടുത്തായിരുന്നു മടക്കം. റിഷഭ് തന്റെ പതിവ് ശൈലിയിൽ ബാറ്റുവീശി ഇന്ത്യൻ സ്കോർ 100 കടത്തുകയായിരുന്നു. 24 ബോളിൽ 27 റൺസെടുത്ത പന്ത് ബോഷിന്റെ ബോളിൽ വെറൈന് പിടികൊടുത്ത് മടങ്ങി. ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ (12) നേരത്തേ പുറത്തായിരുന്നു.

നേരത്തേ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞു. സ്പിന്‍ കൂട്ടവുമായിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ, ജസ്പ്രീത് ബുംറയുടെ അഞ്ചുവിക്കറ്റുകളും മുഹമ്മദ് സിറാജിന്റെയും കുല്‍ദീപ് യാദവിന്റെയും രണ്ടുവീതം വിക്കറ്റുകളുമാണ് തുണയായത്. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി. ബുംറ 14 ഓവറില്‍ 27 റണ്‍സ് വഴങ്ങിയാണ് അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചത്.



© Madhyamam