
ന്യൂഡൽഹി: 2026 ഐ.പി.എൽ സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഡിസംബർ 16ന് അബൂദബിയിൽ നടക്കും. തുടർച്ചയായ മൂന്നാം വർഷമാണ് ഐ.പി.എൽ താരലേലം വിദേശത്ത് നടക്കുന്നത്. 2024ലെ മിനി ലേലം ദുബൈയിലും 2025ലെ മെഗാ ലേലം ജിദ്ദയിലുമായിരുന്നു.
മുൻ മിനി ലേലങ്ങളെ പോലെ ഒരു ദിവസമായിരിക്കും ഇത്തവണത്തെ മിനി ലേലവും. നിലനിർത്താനും വിടുതൽ നൽകാനും ഉദ്ദേശിക്കുന്ന കളിക്കാരുടെ പട്ടിക ടീമുകൾ ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്കുമുമ്പ് സമർപ്പിക്കണം. അതിനുശേഷം രജിസ്റ്റർ ചെയ്ത കളിക്കാരുടെ പട്ടികയിൽനിന്ന് ആദ്യം ഷോട്ട്ലിസ്റ്റും പിന്നീട് അന്തിമ പട്ടികയും തയാറാക്കും.
അതിനുശേഷവും ലേലത്തിന് ഒരാഴ്ച മുമ്പുവരെ ടീമുകൾക്ക് പരസ്പരധാരണയിൽ കളിക്കാരെ കൈമാറാം. ലേലത്തിനുശേഷം ഐ.പി.എല്ലിന് ഒരു മാസം മുമ്പുവരെയും അതിനുള്ള അവസരമുണ്ടാവും. എന്നാൽ, പുതിയ ലേലത്തിൽ വാങ്ങുന്നവരെ കൈമാറാനാവില്ല. 2026 മാർച്ച് 15 മുതൽ മേയ് 31 വരെയാണ് ഐ.പി.എൽ നടക്കുകയെന്നാണ് വിവരം. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
താക്കൂറും റൂഥർഫോഡും മുംബൈയിൽ
ന്യൂഡൽഹി: ഐ.പി.എൽ താരകൈമാറ്റത്തിൽ രണ്ട് താരങ്ങളെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ലഖ്നോ സൂപ്പർ ജയൻറ്സിൽനിന്ന് രണ്ടു കോടിക്ക് ശർദുൽ താക്കൂറിനെയും 2.60 കോടിക്ക് ഷെർഫെയ്ൻ റൂഥർഫോഡിനെയുമാണ് മുംബൈ വാങ്ങിയത്. മുംബൈയിൽനിന്ന് അർജുൻ ടെണ്ടുൽക്കറെ 30 ലക്ഷത്തിന് ലഖ്നോ കരസ്ഥമാക്കി.
നേരത്തേ രാജസ്താൻ റോയൽസ് ക്യാപ്റ്റൻ മലയാളി താരം സഞ്ജു സാംസണിനെ ചെന്നൈയും പകരം ചെന്നൈയുടെ രവീന്ദ്ര ജദേജയെയും സാം കറനെയും രാജസ്ഥാനും സ്വന്തമാക്കിയിരുന്നു.
