
ചെന്നൈ: ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഐ.പി.എൽ താരകൈമാറ്റം പൂർത്തിയായതായി റിപ്പോർട്ട്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ മലയാളി താരം സഞ്ജു സാംസണെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറിൽ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും ധാരണയിലെത്തി. സഞ്ജുവിന് പകരം ഓൾറൗണ്ടർമാരായ രവീന്ദ്ര ജദേജയേയും സാം കറനെയും ചെന്നൈ രാജസ്ഥാന് വിട്ടുനൽകും. വിദേശതാരങ്ങളുടെ ക്വാട്ടയിൽ ഇടം കണ്ടെത്താനായി മഹീഷ് തീക്ഷണയെ റോയൽസ് റിലീസ് ചെയ്യുമെന്നും ക്രിക്ബസിന്റെ റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ചയാണ് ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക ഐ.പി.എൽ ഗവേണിങ് കൗൺസിലിന് കൈമാറേണ്ടത്.
രാജസ്ഥാന്റെയും ചെന്നൈയുടെയും ട്രേഡ് ഡീലിന് ഇനി ബി.സി.സി.ഐയുടെ അനുമതി മാത്രമേ കിട്ടാനുള്ളൂ. ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് തയാറാക്കാനിരിക്കെ സി.എസ്.കെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്, പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്, എം.എസ്. ധോണി എന്നിവരുൾപ്പെടെ വെള്ളിയാഴ്ച ചെന്നൈയിൽ യോഗം ചേരും. കഴിഞ്ഞ രണ്ട് സീസണുകളിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് സി.എസ്.കെ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുന്നത്. ബാറ്റിങ് നിര തുടർച്ചയായി പരാജയപ്പെട്ടത് കഴിഞ്ഞ സീസണിൽ ടീമിന് വലിയ ക്ഷഈണമായിരുന്നു. സഞ്ജു ടീമിലെത്തുന്നതോടെ വലിയ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാഞ്ചൈസി.
നേരത്തെ ഇരുടീമുകളും ട്രേഡ് ഡീലിൽ ചർച്ച നിർത്തിവെച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സഞ്ജുവിനെ കൈമാറാൻ രവീന്ദ്ര ജദേജക്കൊപ്പം ഇംഗ്ലിഷ് താരം സാം കറനെ കൂടി നൽകണമെന്ന രാജസ്ഥാന്റെ ആവശ്യം താരകൈമാറ്റത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സഞ്ജുവിന് പകരം ജദേജയെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ രാജസ്ഥാന് എളുപ്പമാണ്. എന്നാൽ വിദേശ താരങ്ങളുടെ ക്വാട്ടയിൽ പരമാവധി എട്ട് താരങ്ങളെ മാത്രമേ ഒരു ഫ്രാഞ്ചൈസിക്ക് ഉൾപ്പെടുത്താനാകൂ. ജോഫ്ര ആർച്ചർ, ഷിംറോൺ ഹെറ്റ്മെയർ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, ക്വേന മഫാകെ, നാന്ദ്രേ ബർഗർ, ലുവാൻദ്രെ പ്രിട്ടോറിയസ് എന്നിവരായിരുന്നു റോയൽസിന്റെ വിദേശ ക്വാട്ടയിൽ ഉണ്ടായിരുന്നത്. ഇതിൽ തീക്ഷണയെ റിലീസ് ചെയ്യാനാണ് രാജസ്ഥാന്റെ തീരുമാനമെന്നാണ് വിവരം. ഇതോടെ കറനെ ടീമിലെത്തിക്കാനുള്ള കാശും രാജസ്ഥാന് കണ്ടെത്താം.
2013ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് സഞ്ജു സാംസൺ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം രാജസ്ഥാനിൽ. 2014 സീസണിന് മുന്നോടിയായി സഞ്ജുവിനെ രാജസ്ഥാൻ പ്രധാന താരമായി നിലനിർത്തുകയും ചെയ്തു. 2018ൽ ടീം സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ടീമിൽ സഞ്ജു സാംസൺ ഉണ്ടായിരുന്നു. പിന്നീട് 2021ൽ സഞ്ജു ടീമിന്റെ ക്യാപ്റ്റനായി. സഞ്ജുവിന് കീഴിലാണ് രാജസ്ഥാൻ റോയൽസ് 2008ന് ശേഷം ആദ്യമായി ഫൈനൽ കളിച്ചത്. സഞ്ജു ക്യാപ്റ്റനായ 67 മത്സരങ്ങളിൽ 33 എണ്ണത്തിൽ വീതം രാജസ്ഥാൻ ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. 2025 സീസൺ കഴിഞ്ഞതിന് പിന്നാലെ തന്നെ ടീമിൽനിന്ന് പോകാനുളള സന്നദ്ധത താരം അറിയിച്ചിരുന്നു.
അതേസമയം രാജസ്ഥാൻ റോയൽസ് ജദേജയുടെ ആദ്യ ഐ.പി.എൽ ടീമായിരുന്നു എന്നതും ശ്രദ്ധേയമാണ്. 2008ൽ കിരീടം നേടിയ റോയൽസിൽ അംഗമായിരുന്നു അന്ന് 19 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ജദേജ. ആദ്യ രണ്ട് സീസണിലും രാജസ്ഥാനു വേണ്ടി കളത്തിലിറങ്ങിയ താരം മുംബൈയുമായി നേരിട്ട് കരാറിലേർപ്പെടാൻ ശ്രമിച്ചതോടെ ഒരു വർഷത്തെ വിലക്ക് നേരിട്ടു. 2011ൽ കൊച്ചി ടസ്കേഴ്സിൽ കളിച്ചു. 2012ൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ താരം പിന്നീട് ടീമിന്റെ അവിഭാജ്യ ഘടകമായി. ചെന്നൈ മൂന്നുതവണ കിരീടം നേടുമ്പോൾ ജദേജയും ടീമിലുണ്ടായിരുന്നു.
