മുൻ ചെൽസി താരം ഓസ്കാർ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, പരിശോധനയിൽ ഹൃദ്രോഗം സ്ഥിരീകരിച്ചു; വിരമിക്കും?

ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ മുൻ ബ്രസീൽ മധ്യനിര താരം ഓസ്കാർ വൈദ്യ പരിശോധനക്കിടെ കുഴഞ്ഞുവീണു, ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ഹൃദയസംബന്ധമായ അസുഖം സ്ഥിരീകരിച്ചു.

ബ്രസീൽ ക്ലബ് സാവോ പോളോക്കുവേണ്ടിയാണ് 34കാരനായ ഓസ്കാർ നിലവിൽ കളിക്കുന്നത്. പുതിയ സീസണു മുന്നോടിയായുള്ള ക്ലബിന്‍റെ വൈദ്യ പരിശോധനക്കിടെയാണ് താരം കുഴഞ്ഞുവീഴുന്നത്. അബോധാവസ്ഥയിലായ താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് താരം.

ഓസ്കാറിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആഗസ്റ്റ് മുതൽ തന്നെ താരത്തിന് ഹൃദയമിടിപ്പിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. പുതിയ സംഭവത്തോടെ താരം പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിക്കാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ടുകളുണ്ട്. 2014ലെ ലോകകപ്പിൽ ഉൾപ്പെടെ ബ്രസീലിനുവേണ്ടി കളിച്ചിട്ടുണ്ട്. 2012ലാണ് താരം ചെൽസിയിലെത്തുന്നത്. 2016 വരെ ക്ലബിൽ തുടർന്ന താരം 203 മത്സരങ്ങളിൽനിന്നായി 38 ഗോളുകൾ നേടി.

ചെൽസിയുടെ പ്രീമിയർ ലീഗ്, ലീഗ് കപ്പ്, യൂറോപ്പ ലീഗ് കിരീട നേട്ടങ്ങളിൽ പങ്കാളിയായി. 2017ൽ ഏവരെയും ഞെട്ടിച്ച് ചൈനീസ് പ്രഫഷനൽ ക്ലബായ ഷാങ്ഹായ് പോർട്ട് എഫ്.സിയിലേക്ക് ചേക്കേറി. 25 വയസ്സ് മാത്രമാണ് താരത്തിന് അന്ന് പ്രായം. ചൈനീസ് ഫുട്ബാൾ ലീഗിലേക്കുള്ള താരത്തിന്‍റെ കൂടുമാറ്റം വലിയ വിമർശനത്തിനിടയാക്കി. എട്ടു വർഷം താരം ക്ലബിനൊപ്പം തുടർന്നു. പിന്നാലെയാണ് സാവോ പോളോയിലെത്തുന്നത്.



© Madhyamam