ദോഹ: ആസ്പയർ സോണിലെ മൈതാനത്ത് മൊറോക്കോ താരങ്ങൾ താണ്ഡവമാടി ഗോൾ മഴ വർഷിച്ചപ്പോൾ ന്യൂ കാലിഡോണിയക്ക് 16 ഗോളുകൾക്ക് അടിയറവെക്കേണ്ടിവന്നു. അണ്ടർ 17 ലോകകപ്പിലെ ഏറ്റവും വലിയ വിജയത്തോടെ മൊറോക്കോ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രതീക്ഷകൾ നിലനിർത്തി. ഇടോടെ, ന്യൂസിലൻഡിനെതിരെ സ്പെയിനിന്റെ 13-0 വിജയം ഓർമയായി. ആദ്യ മത്സരങ്ങളിൽ പോർചുഗലിനോടും ജപ്പാനോടും പരാജയപ്പെട്ട മൊറോക്കോ മിന്നുന്ന വിജയമാണ് നേടിയത്.
ആദ്യ പകുതിയിൽതന്നെ ന്യൂ കാലിഡോണിയയുടെ ടൈഫാൻ ഡ്രൂക്കോയും ജീൻ കനേമെസും ചുവപ്പ് കാർഡ് ലഭിച്ചു പുറത്തായതോടെ മൊറോക്കോയുടെ വിജയ ലീഡ് ഉയർത്തി. ഔലിദ് ഇബ്നു സലാഹ് (11, 18), ഉബ്ദേലലി എദ്ദൗദി (41, 42), സിയാദ് ബഹ (45+2, 50), നഹൽ ഹദ്ദാനി (56, 59), ഇസ്മാഈൽ അൽ ഔദ് (80, 90), അബ്ദുല്ല ഔസാൻ (73, 90+2) എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ സൗക്രത്ത് (3), ഹിദൗദി (44), എൽ ഖൽഫിയോയി (48), സ്റ്റീവി ഒജി (76) എന്നിവർ ഓരോ ഗോളുകൾ വീതം നേടി ചരിത്രവിജയത്തിലേക്ക് നയിച്ചു. ഗ്രൂപ് ‘ബി’യിൽ പോർചുഗലിനും ബെൽജിയത്തിനും പിന്നിലായി ഫിനിഷ് ചെയ്ത മൊറോക്കോ മികച്ച എട്ടു ടീമുകളിൽ ഒന്നായി യോഗ്യത നേടുമോ എന്ന് കാത്തിരിക്കണം.
അതേസമയം, ഗ്രൂപ് ‘ബി’യിൽ പോർചുഗലിനെതിരെ ജപ്പാൻ (2-1) വിജയം നേടി. ന്യൂ കാലിഡോണിയയുമായുള്ള കഴിഞ്ഞ മത്സരത്തിൽ സമനില നേടിയ ജപ്പാൻ പോർചുഗലിനെ പരാജയപ്പെടുത്തി പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. തകേഷി വാഡ (35), ടൈഗ സെഗുച്ചി (45) എന്നിവരാണ് ജപ്പാനുവേണ്ടി ഗോളുകൾ നേടിയത്.
കളി അവസാനിക്കാൻ 20 മിനിറ്റിൽ ശേഷിക്കെ, കൈജി ചോനൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ജപ്പാൻ പ്രതിരോധത്തിലായി. പോർചുഗലിനുവേണ്ടി സീഗ 80ാം മിനിറ്റിൽ ആശ്വാസ ഗോൾ നേടി. രണ്ട് ജയവും ഒരു സമനിലയും നേടി ജപ്പാനും രണ്ട് പരാജയവും ഒരു തോൽവിയുമായി പോർചുഗലും നോക്കൗട്ട് റൗണ്ട് ഉറപ്പാക്കി.
