
ബംഗളൂരു: രണ്ടാമിന്നിങ്സിലും തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയ ധ്രുവ് ജുറെലിന്റെ കരുത്തിൽ എ ടീമുകൾ തമ്മിലുള്ള ചതുർദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. പുറത്താകാതെ 127 റൺസെടുത്ത ജുറെലിന് വാലറ്റത്ത് ഹർഷ് ദുബെ (84) നല്ല പിന്തുണ നൽകിയപ്പോൾ ആറാം വിക്കറ്റിൽ പിറന്നത് 184 റൺസ്. ഇതോടെ രണ്ടാമിന്നിങ്സിൽ ഏഴ് വിക്കറ്റിന് 382ലെത്തിയ ഇന്ത്യ ഡിക്ലയർ ചെയ്ത് സന്ദർശകർക്ക് 417 റൺസിന്റെ ലക്ഷ്യം മുന്നോട്ടുവെച്ചു. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസെടുത്ത ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ അവസാനദിനം 392 റൺസ് കൂടി വേണം.
ആദ്യ ഇന്നിങ്സിലും ജുറെൽ അപരാജിത സെഞ്ച്വറി നേടിയിരുന്നു. 132 റൺസെടുത്ത ഒന്നാം ഇന്നിങ്സ് പോലെ എതിരാളികൾക്ക് അവസരമൊന്നും നൽകാത്തതായിരുന്നു രണ്ടാം ഇന്നിങ്സിലും ജുറെലിന്റെ ബാറ്റിങ്. അധികം ഉയർത്തിയടിക്കാതെ കട്ടുകളും പുള്ളുകളും ഡ്രൈവുകളും അടങ്ങിയതായിരുന്നു വലംകൈയന്റെ ഇന്നിങ്സ്.
മൂന്നിന് 78 എന്ന സ്കോറിൽ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്ക് കെ.എൽ. രാഹുലിനെ (27) പെട്ടെന്ന് നഷ്ടമായി. നൈറ്റ് വാച്ച്മാൻ കുൽദീപ് യാദവ് 16 റൺസെടുത്ത് മടങ്ങിയതോടെ ഇന്ത്യ പരുങ്ങി. ഇതോടെ അഞ്ചിന് 116 എന്ന നിലയിലായിരുന്ന ഇന്ത്യയെ ദുബെക്കൊപ്പം ചേർന്ന് ജുറെൽ കരകയറ്റുകയായിരുന്നു. പിന്നീട് പരിക്കേറ്റ് തിരിച്ചുകയറിയിരുന്ന ഋഷഭ് പന്ത് തിരിച്ചെത്തിയതോടെ ഏഴാം വിക്കറ്റിൽ 82 റൺസും പിറന്നു. പന്ത് 54 പന്തിൽ നാലു സിക്സും അഞ്ചു ഫോറുമടക്കം 65 റൺസടിച്ചു. 170 പന്തിൽ ഒരു സിക്സും 15 ബൗണ്ടറിയുമടങ്ങിയതായിരുന്നു ജുറെലിന്റെ ഇന്നിങ്സ്.
ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പരിക്കേറ്റ് വിശ്രമത്തിലായതോടെ ജുറെൽ ആയിരുന്നു വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ വിക്കറ്റ് കാത്തത്. എന്നാൽ, പരിക്കുമാറിയ പന്ത് ദക്ഷിണാഫ്രിക്കക്കെതിരായ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ജുറെലും ടീമിലുണ്ട്. തുടർച്ചയായ രണ്ടാം ശതകത്തോടെ ജുറെൽ സെറലക്ടർമാർക്കുമേൽ സമ്മർദമുയർത്തിയിരിക്കുകയാണ്. ഇന്നലത്തെ മത്സരത്തിൽ മൂന്നുതവണ പന്തിന്റെ ശരീരത്തിൽ പന്ത് കൊണ്ടിരുന്നു. ഇതോടെ റിട്ടയർ ചെയ്ത താരം പിന്നീട് ദുബെയുടെ വിക്കറ്റ് വീണതോടെ വീണ്ടും ക്രീസിലെത്തിയ അർധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്.
