
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ കേരളം മികച്ച നിലയിൽ. ഒന്നാം ഇന്നിങ്സിൽ സൗരാഷ്ട്ര 16ന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിൽ ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ് കേരളം. അർധ സെഞ്ച്വറി നേടിയ ഓപണർ രോഹൻ കുന്നുമ്മൽ (59*), അഹമ്മദ് ഇമ്രാൻ (2*) എന്നിവരാണ് ക്രീസിൽ. 18 റൺസ് നേടിയ അർച്ചന ആകർഷിന്റെയും ഒരുറൺ നേടിയ സച്ചിൻ ബേബിയുടെയും വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്. നിലവിൽ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് 78 റൺസ് പിന്നിലാണ് കേരളം.
നേരത്തെ ടോസ് നേടിയ കേരള ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷിന്റെ മികവിൽ സന്ദർകരെ 160 റൺസിലൊതുക്കാൻ കേരള ടീമിനായി. സ്കോർ ബോർഡിൽ രണ്ടക്കം തികക്കുന്നതിടെ സൗരാഷ്ട്രക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഹർവിക് ദേശായി (0), ചിരാഗ് ജനി (5), അർപിത് വാസവദ (0) എന്നിവരുടെ വിക്കറ്റ് തുടക്കത്തിലേ പിഴുത് നിധീഷ് ഞെട്ടിച്ചു. 84 റൺസ് നേടിയ ജയ് ഗോഹിലാണ് സൗരാഷ്ട്രയുടെ ടോപ് സ്കോറർ. 123 പന്തിൽ 11 ഫോറും 2 സിക്സും ഉൾപ്പെടെ ഗോഹിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, കൂട്ടുകെട്ടുകൾ സൃഷ്ടിക്കാനാകാഞ്ഞത് ടീമിന് തിരിച്ചടിയായി.
പ്രേരക് മങ്കാദ് (13), ഗജ്ജർ സമ്മാർ (23) എന്നിവർ ചെറിയ സംഭാവനകൾ നൽകി മധ്യനിരയെ താങ്ങിനിർത്തി. എന്നാൽ, കേരള ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിന് മുന്നിൽ സൗരാഷ്ട്രയുടെ വാലറ്റക്കാർ വേഗത്തിൽ തകർന്നു. 13 ഓവറിൽ വെറും 20 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തി നിധീഷ് സൗരാഷ്ട്രയെ തകർത്തു. 1.54 ആണ് അദ്ദേഹത്തിന്റെ ഇക്കണോമി റേറ്റ്. സൗരാഷ്ട്ര ക്യാപ്റ്റൻ ജയദേവ് ഉനദ്കട്ടിന്റെ വിക്കറ്റ് ഉൾപ്പെടെ 3 വിക്കറ്റുകൾ വീഴ്ത്തി ബി. അപരാജിത് മികച്ച പിന്തുണ നൽകി. എദെൻ ആപ്പിൾ ടോം ഒരു വിക്കറ്റും നേടി.
