മുൻഭാര്യയുടെ ജീവനാംശ ഹരജി; മുഹമ്മദ് ഷമിക്ക് നോട്ടീസയച്ച് സുപ്രീംകോടതി



ന്യൂഡൽഹി: ജീവനാംശം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻഭാര്യ നൽകിയ ഹരജിയിൽ മറുപടി നൽകണമെന്ന് കാണിച്ച് സുപ്രീംകോടതി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും പശ്ചിമ ബംഗാൾ സർക്കാറിനും നോട്ടീസയച്ചു.

തനിക്ക് പ്രതിമാസം 1.5 ലക്ഷം രൂപയും മകൾക്ക് 2.5 ലക്ഷം രൂപയും ജീവനാംശം നിശ്ചയിച്ച കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയാണ് ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിയുടെ വരുമാനവും ജീവിതശൈലിയും കണക്കിലെടുക്കുമ്പോൾ ഈ തുക തങ്ങൾക്ക് അപര്യാപ്തമാണെന്നും ജീവനാംശം വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

എന്നാൽ പ്രതിമാസം നാലു ലക്ഷം രൂപ ഇതിനകം തന്നെ വലിയ പണമല്ലേ എന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, ഷമിയും പശ്ചിമ ബംഗാൾ സർക്കാറും നാല് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ഡിസംബറിൽ വീണ്ടും പരിഗണിക്കും.

കൊൽക്കത്ത ഹൈകോടതി ഭാര്യക്കും മകൾക്കും എല്ലാമാസവും നാലുലക്ഷം രൂപ ഷമി ജീവനാംശം നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഷമി പ്രതിമാസം ഭാര്യക്ക് പ്രതിമാസം 1.5 ലക്ഷം രൂപയും മകൾക്ക് 2.5 ലക്ഷം രൂപയും നൽകണമെന്നാണ് ജൂലൈ ഒന്നിന് ജസ്റ്റിസ് അജോയ് കുമാർ മുഖർജിയുടെ ബെഞ്ച് ഉത്തരവിട്ടത്. തീർത്തും ന്യായമായ വിധി എന്നാണിതിനെ സുപ്രീംകോടതി വിശേഷിപ്പിച്ചത്.

10 ലക്ഷം രൂപ പ്രതിമാസം ജീവനാംശമായി ആവശ്യപ്പെട്ടാണ് ഹസിൻ ജഹാൻ ഹൈകോടതിയെ സമീപിച്ചത്. അതിൽ ഏഴുലക്ഷം രൂപ തനിക്കും മൂന്നുലക്ഷം രൂപ മകൾക്കും എന്നായിരുന്നു ഹസിൻ ഹരജിയിൽ ഉന്നയിച്ചത്. എന്നാൽ ഈ ആവശ്യം കോടതി തള്ളി.

ഷമി മുൻഭാര്യക്കും മകൾക്കും പ്രതിമാസം 1.30 ലക്ഷം രൂപ നൽകണമെന്നായിരുന്നു 2023ൽ ജില്ലാകോടതി ഉത്തരവിട്ടത്. അതുവെച്ച് നോക്കുമ്പോൾ ജൂലൈയിൽ പാസാക്കിയ ഉത്തരവ് ഹസിൻ ജഹാന് വലിയ ആശ്വാസമായിരുന്നു.

2014ലാണ് ഷമിയും ഹസിൻ ജഹാനും വിവാഹിതരായത്. പിന്നീട് ഇരുവരുടെയും ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായി. ഗാർഹിക പീഡനം ആരോപിച്ച് ഷമിക്കെതിരെ ഹസിൻ പരാതി നൽകി. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2018ൽ അവർ വേർപിരിഞ്ഞു.

10 വയസുള്ള സ്വന്തം മകളുടെ വിദ്യാഭ്യാസത്തിന് പണം നൽകാതെ കാമുകിയുടെ മകൾക്ക് സമ്മാനം നൽകാനായി ഷമി കോടികൾ ചെലവാക്കുകയാണെന്ന് ഹസിൻ ആരോപിച്ചിരുന്നു.

ഷമിയുടെ വരുമാനവും ആസ്തികളും നിലവിലെ ജീവനാംശ ഉത്തരവിൽ പ്രതിഫലിക്കുന്നതിനേക്കാൾ വളരെ കൂടുതലാണെന്നും ഹസിന്റെ അഭിഭാഷകൻ വാദിച്ചു. ഭർത്താവ് ധാരാളം പണം സമ്പാദിക്കുന്നു. അദ്ദേഹത്തിന് നൂറുകണക്കിന് കോടി രൂപയുടെ സ്വത്തുക്കളും ആഡംബര കാറുകളും ഉണ്ട്. ഇടയ്ക്കിടെ വിദേശ യാത്രകൾ നടത്തുന്നു. ആഡംബര ജീവിതശൈലി നയിക്കുന്നുവെന്നും ഹസിൻ ഹരജിയിൽ ചൂണ്ടിക്കാട്ടി. കുടുംബ കോടതിയുടെയും കൊൽക്കത്ത ഹൈകോടതിയുടെയും വ്യക്തമായ നിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും ഷമി മാസങ്ങളായി പണം നൽകുന്നത് മുടക്കിയെന്നും ഹരിജിയിൽ ആരോപണമുണ്ട്.



© Madhyamam