ഇംഗ്ലിഷ് ഫുട്ബാൾ ലീഗ് കപ്പിൽ തുടർ തോൽവികൾക്കൊടുവിൽ ലിവർപൂൾ പുറത്ത്. ആൻഫീൽഡിൽ ക്രിസ്റ്റൽപാലസിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയമേറ്റാണ് ‘ദ റെഡ്സ്’ പുറത്തായത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആറിലും ലിവർപൂൾ തോൽവി വഴങ്ങി.
ക്രിസ്റ്റൽ പാലസിനെതിരെ പ്രമുഖ താരങ്ങൾക്കെല്ലാം വിശ്രമം നൽകി യുവനിരയുമായി കളത്തിലിറങ്ങിയ ലിവർപൂളിന് അനുഭവസമ്പത്തുള്ള താരങ്ങളുടെ അഭാവം തിരിച്ചടിയായി. ആദ്യപകുതിയിൽ ഇരട്ട ഗോൾ നേടിയ ഇസ്മായില സാർ പാലസിനെ മുന്നിലെത്തിച്ചു. 41, 45 മിനിറ്റുകളിലായിരുന്നു ഗോൾവല കുലുങ്ങിയത്. രണ്ടാം പകുതിയിൽ ലിവർപൂൾ തിരിച്ചുവരാൻ നടത്തിയ ശ്രമങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല.
88-ാം മിനിറ്റിൽ യെറെമി പിനോ കൂടി ഗോൾവല ചലിപ്പിച്ചതോടെ പാലസ് വിജയമുറപ്പിച്ചു. ന്യൂകാസിൽ, മഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ചെൽസി ടീമുകളും ഇന്നത്തെ മത്സരങ്ങളിൽ ജയിച്ചു.
