ദോഹ: നവംബർ മൂന്നു മുതൽ അരംഭിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ടിക്കറ്റിങ് ആപ് പുറത്തിറക്കി. ടൂർണമെന്റ് കാണാനെത്തുന്ന ഫുട്ബാൾ ആരാധകർക്ക് ‘റോഡ് ടു ഖത്തർ’ ആപ്പിലൂടെ ഡിജിറ്റൽ ടിക്കറ്റുകൾ ലഭ്യമാകുകയും, തത്സമയ വിവരങ്ങൾ അറിയാനും ടിക്കറ്റ് കൈമാറ്റം ചെയ്യാനും സാധിക്കും. ബുക്ക് ചെയ്തവർക്ക് അവരുടെ ടിക്കറ്റുകൾ കാണാനും ടൂർണമെന്റ് നടക്കുന്ന ആസ്പയർ സോണിലും ഫൈനൽ മത്സരം നടക്കുന്ന ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലും പ്രവേശനം ഉറപ്പാക്കാനും ആപ് ഡൗൺലോഡ് ചെയ്യണം. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇതുവഴി ടിക്കറ്റുകൾ കൈമാറാനും സാധിക്കും.
ലോക്കൽ ഓർഗനൈസിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ റോഡ് ടു ഖത്തർ ആപ് ഡിസംബറിൽ നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പ്, ഫിഫ ഇന്റർകോണ്ടിനന്റൽ കപ്പ് എന്നിവയുൾപ്പെടെ മെഗാ സ്പോർട്സ് ഇവന്റുകൾക്കുള്ള ഏകീകൃത ടിക്കറ്റിങ് പ്ലാറ്റ്ഫോമായിരിക്കും. എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകൾ ഇപ്പോൾ www.roadtoqatar.qa എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
നവംബർ മൂന്ന് മുതൽ 27വരെയാണ് ഭാവിയിലെ താരങ്ങളുടെ അടയാളപ്പെടുത്തുന്ന അണ്ടർ 17 ലോകകപ്പിന് ഖത്തർ വേദിയാകുന്നത്. ഏറെ സവിശേഷതകളോടെയാണ് ഇത്തവണ കൗമാര ലോകകപ്പ് എത്തുന്നത്. ടീമുകളുടെ എണ്ണം 48 ആയതും, രണ്ടു വർഷത്തിലൊരിക്കൽ എന്ന നിലയിൽ നിന്നും വാർഷിക ടൂർണമെന്റായി മാറിയതുമെല്ലാം പ്രത്യേകതയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ആസ്പയറിലെ സ്റ്റേഡിയത്തിൽ എട്ട് പിച്ചുകളിൽ, 25 ദിവസങ്ങളിലായി 104 മത്സരങ്ങളാണ് നടക്കുന്നത്. നവംബർ 27ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് ഫൈനൽ അരങ്ങേറുക. ഒരു ഫുട്ബാൾ ടൂർണമെന്റ് എന്നതിനപ്പുറം ആരാധകർക്ക് ഒരൊറ്റ ഫാൻസോണിൽ ഉത്സവാന്തരീക്ഷത്തോടെയുള്ള ലോകകപ്പ് മത്സരങ്ങൾക്കാണ് ഖത്തർ വേദിയൊരുക്കുന്നത്.
ഡിസംബറിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പ് ടിക്കറ്റ് വിൽപന നേരത്തേ ആരംഭിച്ചിട്ടുണ്ട്. ഡേ പാസ് ഓപ്ഷനുകൾ 20 ഖത്തർ റിയാലിൽ ലഭ്യമാണ്. ഒരാൾക്ക് ആറ് ടിക്കറ്റുകൾ വരെ വാങ്ങാം.
പ്രൈം പാസ് റിസർവേഷനുകൾ, ഖത്തർ ടീം ആരാധകർക്കായി ഫോളോ മൈ ടീം പാക്കേജുകളും ലഭ്യമാണ്. ഒരു വ്യക്തിക്ക് പരമാവധി ആറ് ടിക്കറ്റുകൾ വാങ്ങാൻ കഴിയും. ഭിന്നശേഷിക്കാരായവർക്ക് വീൽചെയർ പ്രവേശന സൗകര്യമുള്ള സീറ്റിങ് ഓപ്ഷനുകൾ ലഭ്യമാണ്. ഫിഫ അണ്ടർ 17 ലോകകപ്പിനു പിന്നാലെ ഡിസംബർ ഒന്നു മുതൽ 18 വരെ ഫിഫ അറബ് കപ്പിനും ഡിസംബർ 10, 13, 17 തീയതികളിൽ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിനും ഖത്തർ ആതിഥേയത്വം വഹിക്കും.
