അഡലെയ്ഡ്: അപകടമുനമ്പിൽ അർധസെഞ്ച്വറികളുമായി രോഹിത് ശർമയും (73) ശ്രേയസ് അയ്യരും (61) രക്ഷക്കെത്തിയപ്പോൾ ആസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 264 റൺസെടുത്തു. മുനകൂർത്ത ആസ്ട്രേലിയൻ ബാറ്റിങ്ങിനെതിരെ രണ്ടിന് 17 റൺസെന്ന നിലയിൽ മുട്ടിടിച്ച തുടക്കത്തിനുശേഷം സെഞ്ച്വറി കൂട്ടുകെട്ടുമായി രോഹിത്-ശ്രേയസ് ജോടി സന്ദർശകരുടെ രക്ഷക്കെത്തുകയായിരുന്നു.
രോഹിതിനും ശ്രേയസിനും പുറമെ 41 പന്തിൽ 44 റൺസെടുത്ത അക്സർ പട്ടേലും തിളങ്ങി. അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ഹർഷിത് റാണയുടെ മിടുക്കാണ് സ്കോർ 250 കടത്തിയത്. റാണ 18 പന്ത് നേരിട്ട് മൂന്നു ഫോറടക്കം പുറത്താകാതെ 24 റൺസെടുത്തു.
10 ഓവറിൽ 60 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ആഡം സാംപയാണ് ഓസീ ബൗളിങ്ങിൽ തിളങ്ങിയത്. സേവ്യർ ബാർട്ലെറ്റ് 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സ്റ്റാർക്ക് 62 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ വിരാട് കോഹ്‍ലി കളംവിട്ടത് മത്സരത്തിൽ ശ്രദ്ധേയമായി. രോഹിത് ശർമയിൽനിന്ന് എടുത്തുമാറ്റിയ നായകവേഷം സെലക്ടർമാർ പതിച്ചുനൽകിയ പരമ്പരയിലെ രണ്ടാം മത്സരത്തിലും ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സമ്പൂർണ പരാജയമായി.
ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡുമടങ്ങിയ ഓപണിങ് ബൗളിങ് ജോടി ഇരു ധ്രുവങ്ങളിൽനിന്ന് തീതുപ്പിയപ്പോൾ കരുതലോടെയായിരുന്നു ഗിൽ-രോഹിത് ജോടിയുടെ തുടക്കം. പിന്നാലെ ഏഴാം ഓവർ എറിയാനെത്തിയ സേവ്യർ ബാർട്ലെറ്റിന്റെ കൃത്യതയിൽ പക്ഷേ, എല്ലാ പ്ര തിരോധവും പാളി.
ഓവറിലെ ആദ്യ പന്തിനെ ഒരുചുവട് മുന്നോട്ടുകയറി മിഡോഫിന് മുകളിലൂടെ അതിർവര കടത്താൻ ശ്രമിച്ച ഗില്ലിന് പിഴച്ചപ്പോൾ മിച്ചൽ മാർഷിന് അനായാസ ക്യാച്ച്. ഒമ്പതു പന്തിൽ ഒരു ബൗണ്ടറിയടക്കം ഒമ്പതു റൺസ് മാത്രമായിരുന്നു നായകന്റെ സമ്പാദ്യം.
പിന്നാലെയെത്തിയത് സാക്ഷാൽ കോഹ്‍ലി. ആദ്യ മൂന്നു പന്തുകളും പ്രതിരോധിച്ച ബാറ്റിങ് പ്രതിഭക്ക് നാലാം പന്തിൽ പാളി. സ്വതഃസിദ്ധമായ ഷോട്ടിന് ശ്രമിച്ച സൂപ്പർ ബാറ്ററെ ബാർട്ലെറ്റ് കിറുകൃത്യമായി എൽ.ബി.ഡബ്ല്യൂവിൽ കുടുക്കി. റണ്ണൊന്നുമില്ലാതെ കോഹ്‍ലിക്ക് മടക്കം. ഇന്ത്യ രണ്ടിന് 17 റൺസെന്ന അപകടകരമായ നിലയിൽ. ശേഷം വിക്കറ്റുകാത്ത് കളിനയിച്ച രോഹിത്-ശ്രേയസ് ജോടിയുടെ രക്ഷാപ്രവർത്തനമാണ് സ്കോർ മുന്നോട്ടുനയിച്ചത്. മിച്ചൽ ഓവനെ രണ്ടു സിക്സറിന് പറത്തിയ രോഹിത് ആത്മവിശ്വാസം ആർജിച്ചതിനൊപ്പം സ്കോറിങ്ങിന്റെ വേഗവും വർധിപ്പിച്ചു.
97 പന്തിൽ ഏഴു ഫോറും രണ്ടു സിക്സുമടക്കമാണ് രോഹിത് 73 റൺസെടുത്തത്. ഒടുവിൽ സ്റ്റാർക്കിന്റെ ബൗളിങ്ങിൽ ഹേസൽവുഡ് പിടിച്ചാണ് മിന്നുന്ന ഇന്നിങ്സിന് അന്ത്യമായത്. 77 പന്തിൽ ഏഴു ബൗണ്ടറികളടക്കമാണ് ശ്രേയസ് 61 റൺസെടുത്തത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 118 റൺസിന്റെ വിലപ്പെട്ട കൂട്ടുകെട്ടാണ് ഇന്ത്യയെ 200 കടത്തിയത്.
അക്സറുമൊത്ത് മുന്നേറവേ, ശ്രേയസ് വീണതോടെ സ്കോർ നാലിന് 160 എന്ന നിലയിലായി. തുടർന്നെത്തിയ കെ.എൽ. രാഹുലിനും (11) നിലയുറപ്പിക്കാനായില്ല. അയ്യരെയും രാഹുലിനെയും ആഡം സാംപ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഒമ്പതാം വിക്കറ്റിൽ റാണ-അർഷ്ദീപ് സഖ്യം 37 റൺസ് ചേർത്തു.
ഓൾറൗണ്ടർമാരായി േപ്ലയിങ് ഇലവനിലെത്തിയ വാഷിങ്ടൺ സുന്ദറും (12) നിതീഷ് കുമാർ റെഡ്ഡിയും (എട്ട്) എളുപ്പം മടങ്ങി. അഞ്ചു ബൗണ്ടറിയടക്കം 44ലെത്തിയ അക്സറിനെ സാംപയുടെ ബൗളിങ്ങിൽ സ്റ്റാർക്ക് പിടികൂടി. അവസാന ഘട്ടത്തിൽ റാണ നിലയുറപ്പിച്ചതോടെയാണ് സ്കോറിങ്ങിന് ആക്കം കൂടിയത്. 14 പന്തിൽ രണ്ടു ഫോറടക്കം 13 റൺസെടുത്ത അർഷ്ദീപ് സിങ്ങിനെ അവസാന ഓവറിലെ അഞ്ചാംപന്തിൽ സ്റ്റാർക്ക് ക്ലീൻ ബൗൾഡാക്കി.
മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ ഏകദിനം ജയിച്ച ആസ്ട്രേലിയ 1-0ന് മുന്നിലാണ്. അഡലെയ്ഡിൽ ജയിച്ചാൽ ഓസീസ് പരമ്പര നേടും.