മഡ്ഗാവ്: പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലെങ്കിലും സൂപ്പർ താരനിരയുമായിത്തന്നെ ഇന്ത്യയിലെത്തിയ അൽ നസ്ർ എഫ്.സിയും ആതിഥേയരായ എഫ്.സി ഗോവയും തമ്മിലെ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2 മത്സരം ബുധനാഴ്ച ഫട്ടോർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും.
ലോകോത്തര താരങ്ങളായ സാദിയോ മാനെ, ജാവോ ഫെലിക്സ്, കിങ്സ്ലി കൊമാൻ, ഇനിഗോ മാർട്ടിനെസ് തുടങ്ങിയവർ യോർഗെ ജീസസ് പരിശീലിപ്പിക്കുന്ന നസ്ർ സംഘത്തിലുണ്ട്. സൗദി പ്രോ ലീഗിലെ വമ്പൻ ക്ലബ്ബും ഇന്ത്യൻ സൂപ്പർ കപ്പ് ചാമ്പ്യന്മാരും നേർക്കുനേർ പോരാടുന്നത് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ഫുട്ബാൾ പ്രേമികൾ.
സൗദി പ്രോ ലീഗിലെ മത്സരങ്ങളിൽ ക്ലബിനായി കളത്തിലിറങ്ങുന്ന ക്രിസ്റ്റ്യാനോ വിദേശ രാജ്യങ്ങളിലെ മത്സരങ്ങളിൽ സാധാരണയായി ടീമിനൊപ്പമുണ്ടാവാറില്ല. വിദേശ ടൂറുകളിൽ താരത്തിന് തീരുമാനമെടുക്കാമെന്നാണ് കരാറിലെ ധാരണ. അൽ നസ്റിന്റെയും ഗോവയുടെയും മൂന്നാം മത്സരമാണ് ഫട്ടോർഡയിലേത്.
ഗ്രൂപ് ‘ഡി’യിൽ രണ്ട് കളിയും ജയിച്ച നസ്ർ ഒന്നാം സ്ഥാനത്താണിപ്പോൾ. എന്നാൽ, രണ്ടിലും തോറ്റ് പോയന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കാതെ അവസാന സ്ഥാനത്ത് നിൽക്കുന്ന ഗോവക്ക് നോക്കൗട്ട് ഉറപ്പിക്കാൻ ശേഷിച്ച കളികൾ നിർണായകമാണ്. മാച്ച് ടിക്കറ്റുകളെല്ലാം നേരത്തേതന്നെ ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു. രാത്രി 7.15നാണ് മത്സരം.