ന്യൂഡൽഹി: 23 കാരനായ ഫാസ്റ്റ് ബൗളർ ഹർഷിത് റാണക്കെതിരായ മുൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത് തന്റെ യുട്യൂബ് വഴി നടത്തിയ ആരോപണങ്ങൾക്ക് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ശക്തമായി മറുപടി നൽകി. ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ, ഒരു യുവതാരത്തെ ട്രോളുന്നതും അദ്ദേഹത്തിനെതിരെ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും തികച്ചും നിന്ദ്യവും ലജ്ജാകരവുമാണെന്ന് ഗംഭീർ പറഞ്ഞു.
ക്രിസ് ശ്രീകാന്ത് അടുത്തിടെ തന്റെ യുട്യൂബ് ചാനലിൽ ഹർഷിത് റാണ ഗംഭീറിന്റെ അടിമയെപോലെ എന്തുപറഞ്ഞാലും കളിപ്പാട്ടം പോലെ ചെയ്യുന്നതുകൊണ്ടാണ് എേപ്പാഴും ദേശീയ ടീമിൽ സ്ഥാനംപിടിക്കുന്നതെന്ന് അവകാശപ്പെട്ടിരുന്നു.
ഹർഷിത് റാണയെപ്പോലെയാവുക എന്നതാണ് ഏറ്റവും നല്ല കാര്യം, ഗംഭീർ പറയുന്ന എല്ലാത്തിനും എപ്പോഴും അതെ എന്ന് ഉത്തരം പറയുകയും അദ്ദേഹം പറയുന്നതെന്തും ചെയ്യുകയും ചെയ്യുക, അപ്പോൾ മാത്രമേ നിങ്ങളെ ടീമിലേക്ക് തിരഞ്ഞെടുക്കൂ. ടീമിൽ ഒരു സ്ഥിരം അംഗം മാത്രമെയുള്ളൂ, അത് ഹർഷിത് റാണയാണ്. എന്തുകൊണ്ടാണ് അദ്ദേഹം ടീമിലിരിക്കുന്നതെന്ന് ആർക്കും അറിയില്ല. നല്ലപ്രകടനം കാഴ്ചവെച്ചിട്ടും നിങ്ങൾ ചിലരെ തിരഞ്ഞെടുക്കുന്നില്ല, മറ്റുള്ളവരെ തിരഞ്ഞെടുക്കുന്നു. അതിനാൽ, ഹർഷിത്തിനെപ്പോലെ, എപ്പോഴും ഗംഭീറിന്സമ്മതക്കാരനായിരിക്കുക.
ഹർഷിത് റാണയെയും നിതീഷ് കുമാർ റെഡ്ഡിയെയും 2027 ലെ ഏകദിന ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയാൽ, ഇന്ത്യ കിരീടം നേടുമെന്ന പ്രതീക്ഷ ഉപേക്ഷിക്കണമെന്നും ശ്രീകാന്ത് പറഞ്ഞു. ടീം മാനേജ്‌മെന്റ് നിതീഷ് റെഡ്ഡിയെ തിരഞ്ഞെടുത്തതിനെയും ശ്രീകാന്ത് ചോദ്യം ചെയ്തു. ഏകദിന ഫോർമാറ്റിൽ കളിക്കാരന് പെട്ടെന്ന് ഒരു നിശ്ചിത റോൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു, അതേസമയം 2027 ലെ ലോകകപ്പിനായി മികച്ച പ്രകടനവും പരിചയവുമുള്ള കളിക്കാരിൽ വിശ്വാസമർപ്പിക്കണമെന്നും ക്രിസ് പറഞ്ഞു, 2027 ലെ ലോകകപ്പിനായി നിങ്ങൾ ഒരു ടീം തിരഞ്ഞെടുക്കണം. പക്ഷേ അത് നിങ്ങൾ അത് ചെയ്തിട്ടില്ല. നിങ്ങൾ ഹർഷിത് റാണയെയും നിതീഷ് റെഡ്ഡിയെയും സാധ്യത പട്ടികയിൽ ഉൾപ്പെടുത്തിയാൽ, ലോകകപ്പിനോട് വിട പറയുന്നതാണ് നല്ലത്.
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിനുശേഷം നടന്ന വാർത്തസമ്മേളനത്തിൽ ഗംഭീർ പറഞ്ഞു, സ്വന്തം യുട്യൂബ് ചാനലിന് സന്ദർശകരെ ലഭിക്കുന്നതിന് 23 വയസ്സുള്ള ഒരു കളിക്കാരനെ ആരെങ്കിലും ബലിയാടാക്കുന്നത് ലജ്ജാകരമാണ്. നിങ്ങൾക്ക് എന്നെ ലക്ഷ്യം വെക്കണമെങ്കിൽ, അത് ചെയ്യുക. എനിക്ക് അത് കൈകാര്യം ചെയ്യാൻ കഴിയും, പക്ഷേ യുട്യൂബിൽ സബ്സ്ക്രൈബേഴ്സിനായി 23 വയസ്സുള്ള ഒരു കളിക്കാരനെ ട്രോളുന്നത് ലജ്ജാകരമാണ്.
‘അദ്ദേഹത്തിന്റെ അച്ഛൻ ഒരു സെലക്ടറല്ല. സ്വന്തം കഴിവുകൊണ്ടാണ് അദ്ദേഹം ടീമിൽ ഇടം നേടിയത്. ഈ ചെറുപ്പക്കാരെ നിങ്ങൾ ലക്ഷ്യം വെക്കരുത്. രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. കഴിഞ്ഞ വർഷം ഗംഭീർ മുഖ്യ പരിശീലകനായതിനുശേഷം ഡൽഹി ക്രിക്കറ്റ് താരം റാണ രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്. ആസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഒക്ടോബർ 19 ന് ആരംഭിക്കും.