ദുബൈ: ലോകകപ്പ് ഏഷ്യന്‍ യോഗ്യതയുടെ അവസാന പോരാട്ടം ചൊവ്വാഴ്ച ദോഹ ജാസിം ബിന്‍ സ്റ്റേഡിയത്തില്‍ രാത്രി 9മണിക്ക് അരങ്ങേറും. ആതിഥേയരായ ഖത്തറും യു.എ.ഇയും തമ്മിലാണ് പോരാട്ടം. അതേസമയം ജിദ്ദ അബ്ദുല്ല സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ 10.45ന് ഇറാഖും ആതിഥേയരായ സൗദി അറേബ്യയും ഏറ്റുമുട്ടും. ഒമാനെ തോല്പിച്ച ആത്മ വിശ്വാസത്തിലാണ് യു.എ.ഇ കളത്തിലിറങ്ങുന്നത്. ഖത്തറിന് യോഗ്യത നേടണമെങ്കില്‍ വിജയം നിര്‍ബന്ധമാണ്. യു.എ.ഇയെ സംബന്ധിച്ചിടത്തോളം സമനില നേടിയാല്‍തന്നെ നാലു പോയന്റുമായി മെക്സിക്കോ-യു.എസ്.എ-കാനഡ ലോകകപ്പില്‍ കളിക്കാം. പരാജയപ്പെട്ടാല്‍ ഇന്റര്‍ കോണ്ടിനെന്റല് പ്ലേ ഓഫിനായി കാത്തിരിക്കേണ്ടിവരും. ഇതുവരെയുള്ള കണക്കില്‍ 36 തവണ ഏറ്റുമുട്ടിയപ്പോള്‍ 14 മത്സരങ്ങളില്‍ ഖത്തറും 12 തവണ യു.എ.ഇയും വിജയിച്ചു.
10 കളി സമനിലയിലായി. ഇരുവരുടെയും മികച്ചത് 5 ഗോള്‍ വിജയമാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം മുതല്‍ യു.എ.ഇയാണ് മുന്നില്‍. യോഗ്യതയുടെ മൂന്നാം റൗണ്ടില്‍ ഖത്തറിനെ അവരുടെ മണ്ണിലും(3-1) അബൂദബിയിലും (5-0) തോല്പിച്ചിരുന്നു. അറബ് കപ്പില്‍ സമനിലയായിരുന്നു. ഇരുടീമുകള്‍ക്കും അഭിമാന പോരാട്ടമായതിനാല്‍ മത്സരം ഗള്‍ഫ് ഡെര്ബിയെന്ന പേരിലാണറിയപ്പെടുന്നത്. രണ്ടാം ലോകകപ്പിനാണ് ഇരുടീമുകളും മത്സരിക്കുന്നത്. 36 വര്‍ഷത്തിന് ശേഷം ലോകകപ്പ് കളിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് യു.എ.ഇ. മുന്നേറ്റ നിരയില്‍ മര്‍ക്കസ് മെലോണിയും കെയ്ഓ ലൂക്കാസും ഇവരെ പിന്തുണക്കാന്‍ മധ്യനിരയില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ യഹ്യാ അല്‍ഗസ്സാനി പരിക്ക് മാറി തിരിച്ചെത്തിയേക്കും.
കൂടാതെ മുന്നേറ്റനിരക്ക് കരുത്തേകുന്ന ഹാരിബ് അബ്ദുല്ലയും അലി സാലിഹും മികച്ച ഫോമിലാണ്. ഫാബിയോ ലിമ, മാജിദ് ഹസന്, റമദാന്, കെയ്ഓ കനേഡോ, യഹ്യാ നദീന്‍ ടീമും ഇവര്‍ക്കൊപ്പമുണ്ട്. ഒമാനെതിരെ കളിച്ച ടീമിനെതന്നെ കോച്ച് നിലനിര്‍ത്താനാണ് സാധ്യത. കോച്ച് ഒമാനെതിരെ രണ്ടാം പകുതിയില്‍ മധ്യനിരയിലെ മാറ്റങ്ങളാണ് ടീമിന് വിജയം നേടാനായത്. പ്രതിരോധനിരയില്‍ കൗമേ ഓട്ടനും ഗോള്‍ പോസ്റ്റില്‍ ഗോള്‍കീപ്പര്‍ ഖാലിദ് ഈസയും ഫോമിലുള്ളതും ടീമിന് ആശ്വസിക്കാം.ആതിഥേയരെന്ന നിലയിലാണ് കഴിഞ്ഞ തവണ ഖത്തറിന് അവസരം ലഭിച്ചത്. സ്വന്തം നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ ‘മറൂണ്‍സ്’ ടീമിന് അനുകൂലമാവും. അല്‍മോസ് അലി, അക്രം അഫീഫ്, എഡ്മില്‍സണ്‍ ജൂനിയര്‍ എന്നിവരാണ് മുന്നേറ്റനിര നിയന്ത്രിക്കുന്നത്. അല്‍മോസ് അലിയാണ് ഗോള്വേട്ടക്കാരനാണെങ്കിലും പരിക്കിന്റെ പിടിയിലാണ്. ഹസന് അല്ഹൈദൂസ് ഇതുവരെ പരിക്ക് മാറി തിരിച്ചെത്തിയിട്ടില്ല.
പ്രതിരോധനിരയില്‍ ലൂക്കാസ് മെന്‍ഡസും അബ്ദുല്‍ കരീമും നിലവാരം പുലര്‍ത്തുന്നവരാണ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയക്കൊടി പാറിക്കാനാണ് സ്പാനിഷ് കോച്ച ജൂലന്‍ ലോപെടെഗ്ഗിയുടെ നേതൃത്വത്തില്‍ ഇന്നിറങ്ങുന്നത്. ലോക റാങ്കിങ്ങില്‍ ഖത്തറാണ് മുന്നില്‍. 53ാം സ്ഥാനക്കാരായ ഖത്തറും 67ാം സ്ഥാനത്തുള്ള യു.എ.ഇയും മത്സരിക്കുമ്പോള്‍ കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം.