തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണിൽ വലിയ സ്വപ്നങ്ങളുമായി കേരളം ബുധനാഴ്ച ഇറങ്ങുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കരുത്തരായ മഹാരാഷ്ട്രയാണ് എതിരാളി. ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനുറച്ചാണ് പുതുനായകൻ മുഹമ്മദ് അസ്ഹറുദ്ദീന് കീഴിൽ കേരള സംഘമിറങ്ങുന്നത്. മത്സരം ജിയോ ഹോട്ട് സ്റ്റാറില്‍ തത്സമയം സംപ്രേഷണം ചെയ്യും.
കഴിഞ്ഞ സീസണിൽ ഒരു തോൽവി പോലും അറിയാതെ ഫൈനലിലെത്തിയ കേരളത്തിന് അവസാന അങ്കത്തിൽ വിദർഭയോട് ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയതാണ് തിരിച്ചടിയായത്. ഇത്തവണയും കേരളം മരണ ഗ്രൂപ്പിലാണ്. എലീറ്റ് ഗ്രൂപ് ബിയിൽ മഹാരാഷ്ട്രയെ കൂടാതെ പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ചണ്ഡിഗഢ്, ഗോവ എന്നീ ടീമുകളാണ് ഒപ്പമുള്ളത്. ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ ടീമിനൊപ്പമുള്ളത് കേരളത്തിന് ആത്മവിശ്വാസമാണ്. ജലജ് സക്സേനയുടെ വിടവ് നികത്താൻ ബാബ അപരാജിത്തും അങ്കിത് ശർമയും ടീമിനൊപ്പമുണ്ട്.
അതേസമയം, കേരളത്തിന്റെ ശക്തിയും ദൗർബല്യവും നന്നായി അറിയുന്ന ജലജ് സക്സേനയെയും കൂട്ടിയാണ് മഹാരാഷ്ട്രയുടെ വരവ്. അങ്കിത് ബാവ്നയാണ് മഹാരാഷ്ട്രയുടെ ക്യാപ്റ്റൻ. ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന പൃഥ്വി ഷായും ഋതുരാജ് ഗെയ്ക്വാദുമാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിര നയിക്കുന്നത്. രജനീഷ് ഗുർബാനിയും വിക്കി ഓസ്വാളുമടങ്ങുന്ന ബൗളിങ് നിരയും കരുത്തുറ്റതാണ്. ആകെയുള്ള ഏഴ് മത്സരങ്ങളിൽ നാലെണ്ണം കേരളത്തിലാണ് നടക്കുക. പഞ്ചാബ്, മധ്യപ്രദേശ്, ഗോവ എന്നീ ടീമുകളുമായാണ് കേരളത്തിന്റെ എവേ മത്സരങ്ങൾ.