ലാഹോർ: ഗദ്ദാഫി സ്റ്റേഡിയത്തിൽ ആരംഭിച്ച പാകിസ്താൻ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്റെ ആദ്യ ദിനം.
ഓപണർ അബ്ദുല്ല ഷഫീഖ് (2) വേഗം മടങ്ങിയ ശേഷം, ഇമാമുൽ ഹഖിനൊപ്പം (93), പാകിസ്താൻ ക്യാപ്റ്റൻ ഷാൻ മസൂദ് (76) ഉത്തരവാദിത്തത്തോടെ ടീം ടോട്ടൽ പതിയെ മുന്നോട്ട് നയിക്കുകയാണ്. സ്കോർ 160 കടന്നതിനു പിന്നാലെ പ്രനെലൻ സുബ്രയെന്റെ പന്തിൽ ഷാൻ മസൂദിനെതിരെ അപ്പീൽ ഉയരുന്നു. ഡി.ആർ.എസ് വിളിച്ച എൽ.ബി അപ്പീലിനൊടുവിൽ ഔട്ട് എന്ന് തെളിഞ്ഞ നിമിഷം. ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾ നിറഞ്ഞ ഗാലറിയിൽ ക്യാപ്റ്റൻ പുറത്താകുമ്പോൾ സ്റ്റേഡിയം നിശബ്ദമാകും. ഇതാണ് കളിക്കളത്തിലെ പതിവ്. എന്നാൽ, ശനിയാഴ്ച പാകിസ്താൻ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിൽ അതായിരുന്നില്ല കണ്ടത്. സ്വന്തം ക്യാപ്റ്റൻ പുറത്തായെന്ന് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ ഗാലറി സന്തോഷത്താൽ അലറി.
എതിർ ടീം അംഗം പുറത്തായ ആഘോഷം പോലെ ഗാലറി തുള്ളിച്ചാടുന്നത് കണ്ട് കമന്ററി മൈകിന് മുന്നിലിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്കും ഞെട്ടി. ക്യാപ്റ്റന്റെ പുറത്താവലിനേക്കാൾ, അടുത്ത ബാറ്റ്സ്മാനു വേണ്ടിയുള്ള ആഘോഷമായിരുന്നുവത്രേ അത്. മുൻ നായകൻ കൂടിയായ ബാബർ അസം ക്രീസിലെത്തുന്ന സന്തോഷം ക്യാപ്റ്റന്റെ പുറത്താവൽ ആഘോഷിച്ചുകൊണ്ടായെന്നു മാത്രം.
പാകിസ്താനിൽ ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരമായി മാറിയ ബാബർ അസമിന്റെ സ്വീകാര്യതക്കുള്ള സാക്ഷ്യം കൂടിയായിരുന്നു ഇത്. എന്നാൽ, ഗാലറിയിയെ ആവേശത്തിനൊത്ത് ക്രീസിൽ തിളങ്ങാൻ ബാബറിന് കഴിഞ്ഞില്ല. വെറും 23 റൺസുമായ അധികം വൈകാതെ താരം കൂടാരം കയറി. ഗാലറിയുടെ പെരുമാറ്റം കണ്ട് ഞെട്ടിയ ഷോൺ പൊള്ളോക്കിന് നൽകാനുള്ള ഉപദേശം ഇതായിരുന്നു -‘സ്വന്തം ക്യാപ്റ്റനോട് ഇത്തരത്തിലൊന്നും പെരുമാറരുതെന്ന് ഈ കാണികളോടെ ആരെങ്കിലും ഓർമിപ്പിച്ചാൽ നന്നായിരുന്നു’.
പാകിസ്താൻ മുഴു ദിനം ബാറ്റു ചെയ്ത ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് എന്ന നിലയിലാണ്. മുഹമ്മദ് റിസ്വാൻ 62ഉം, സൽമാൻ ആഗ 52ഉം റൺസുമായി പുറത്താകാതെ നിൽകുകയാണ്. ലാഹോർ വേദിയാകുന്ന മത്സരത്തിൽ കാണികൾക്ക് സൗജന്യ പ്രവേശനമാണ് പി.സി.ബി പ്രഖ്യാപിച്ചത്.