മുംബൈ: അഞ്ചു കോടി ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന് അധോലോക സംഘത്തിന്‍റെ ഭീഷണി സന്ദേശം. കുപ്രസിദ്ധ അധോലോക സംഘമായ ദാവൂദ് ഇബ്രാഹിമാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി മുംബൈ ക്രൈം ബ്രാഞ്ച് അറിയിച്ചു. ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിലായി മൂന്നു ഭീഷണി സന്ദേശങ്ങളാണ് റിങ്കുവിന്‍റെ പ്രൊമോഷനൽ സംഘത്തിന് ലഭിച്ചത്.
കേസുമായി ബന്ധപ്പെട്ട് പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റിൻഡീസിൽനിന്ന് പിടികൂടിയ മുഹമ്മദ് ദിൽഷാദ്, മുഹമ്മദ് നവീദ് എന്നിവരെ ആഗസ്റ്റിന് ഒന്നിനാണ് ഇന്ത്യക്ക് കൈമാറിയത്. കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ എം.എൽ.എ ബാബാ സിദ്ദീഖിന്‍റെ മകൻ സീഷൻ സിദ്ദീഖിയോട് 10 കോടി ആവശ്യപ്പെട്ടതിന് ഇരുവരും നേരത്തെ അറസ്റ്റിലായിരുന്നു. കസ്റ്റഡിയിലുള്ളവരിൽ ഒരാൾ റിങ്കു സിങ്ങിനെ ഫോണിൽ വിളിച്ചതായി മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ സമാജ് വാദി പാർട്ടി എം.പി പ്രിയ സരോജുമായി റിങ്കുവിന്‍റെ കല്യാണം നിശ്ചയിച്ചിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിലാകും വിവാഹം.
ഇതുവരെ 34 ട്വന്‍റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള റിങ്കു, 161.76 സ്ട്രൈക്ക് റേറ്റിൽ 550 റൺസ് നേടിയിട്ടുണ്ട്. ദേശീയ ടീമിനായി രണ്ട് ഏകദിനങ്ങളും കളിച്ചു. ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെതിരെ വിജയ റൺസ് നേടിയത് റിങ്കുവായിരുന്നു. തന്റെ സഹോദരി നേഹക്ക് ഒരു പുതിയ സ്കൂട്ടർ സമ്മാനിച്ച് കുടുംബത്തോടൊപ്പം ഇതിന്‍റെ ആഘോഷം പങ്കിടുന്ന ചിത്രങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഒരു ലക്ഷം വിലയുള്ള സ്കൂട്ടർ, തന്റെ സഹോദരിയോടുള്ള നന്ദിയുടെയും വാത്സല്യത്തിന്റെയും പ്രതീകമായാണ് റിങ്കു കൈമാറിയത്.
റിങ്കുവിനൊപ്പമുള്ള തന്റെ ഫോട്ടോകളും പുതിയ ബൈക്കും നേഹ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു, ‘നന്ദി റിങ്കു ഭയ്യ’എന്ന് എഴുതി. വിജയമുദ്രയുമായി നിൽക്കുന്ന ചിത്രം ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.കളിക്കളത്തിന് പുറത്തുള്ള തന്റെ പ്രവർത്തനങ്ങൾ മൂലം റിങ്കു വാർത്തകളിൽ ഇടം നേടുന്നത് ഇതാദ്യമല്ല. 2024 നവംബറിൽ, അലീഗഢിൽ 3.5 കോടി രൂപക്ക് ഒരു ആഡംബര മൂന്ന് നില ബംഗ്ലാവ് അദ്ദേഹം വാങ്ങി, അമ്മയോടുള്ള ബഹുമാനാർഥം അതിന് വീണ പാലസ് എന്ന് പേരുമിട്ടു.
ആസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരക്ക് മുന്നോടിയായി റിങ്കു ഒരു ചെറിയ ഇടവേളയിലാണ്.