കൊച്ചി: ജീവിതം സമ്മാനിച്ച ഇരുട്ടിനെതിരായ പോരാട്ടത്തിനൊപ്പം വനിതകൾ ചൊവ്വാഴ്ച മറ്റൊരു പോരാട്ടത്തിനുകൂടി അങ്കത്തട്ടിലേക്കിറങ്ങുകയാണ്. കൊച്ചിയിൽ നടക്കുന്ന വനിതകളുടെ ബ്ലൈൻഡ് ഫുട്ബാൾ ലോകകപ്പിലാണ് ഇന്ത്യൻ താരങ്ങൾ രണ്ടാം മത്സരത്തിനൊരുങ്ങുന്നത്. ഞായറാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇന്ത്യ, ബ്രസീലിനോട് എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെട്ടിരുന്നു.
ഈ തോൽവിയിൽ പതറാതെ ശക്തമായ പോരാട്ടത്തിനും തിരിച്ചടിക്കുമൊരുങ്ങുകയാണ് ഇന്ത്യൻ ടീം. ചൊവ്വാഴ്ച വൈകീട്ട് ഏഴിനാണ് പോളണ്ടിനെതിരായ ആതിഥേയരുടെ മത്സരം. ഈ മത്സരത്തിൽ ജയിക്കാനായാൽ ഇന്ത്യക്ക് സെമി പ്രവേശനസാധ്യത നിലനിർത്താം.
തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനും ജപ്പാനും വിജയത്തോടെ തുടക്കമായി. ഗ്രൂപ്പ് എയിലെ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പോളണ്ടിനെതിരെ ഇംഗ്ലണ്ടിന്റെ വിജയം. ഗ്രൂപ്പ്-ബിയിൽ എതിരില്ലാത്ത ഒരു ഗോളിന് ജപ്പാൻ തുർക്കിയയെയും പരാജയപ്പെടുത്തി. കാക്കനാട് യു.എസ്.സി ഗ്രൗണ്ടിലാണ് വനിത ബ്ലൈൻഡ് ഫുട്ബാൾ ലോകകപ്പ് നടക്കുന്നത്. ഇന്ത്യ,ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട്, പോളണ്ട്, തുർക്കിയ, കാനഡ, ജപ്പാൻ ടീമുളാണ് പങ്കെടുക്കുന്നത്.