
പ്രാണികളെ അകറ്റാൻ സ്പ്രേ ചെയ്യുന്ന പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സന
കൊളംബോ: വനിത ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം തടസ്സപ്പെടുത്തി പ്രാണികൾ. ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യ ബാറ്റ് ചെയ്യവെ 15 മിനിറ്റോളം കളി നിർത്തിവെക്കേണ്ടിവന്നു.
28ാം ഓവറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഹർലീൻ ഡിയോളും ജെമീമ റോഡ്രിഗസുമായിരുന്നു ക്രീസിൽ. തൂവാല ഉപയോഗിച്ച് പാക് താരങ്ങൾ രക്ഷതേടാൻ ശ്രമിച്ചെങ്കിലും പ്രാണികൾ വിട്ടില്ല. തുടർന്ന് ഇവർ അമ്പയർമാരെ കാര്യത്തിന്റെ ഗൗരവം ബോധിപ്പിച്ചു. റിസര്‍വ് താരം സ്പ്രേയുമായെത്തി. ഇത് വാങ്ങി ക്യാപ്റ്റന്‍ ഫാത്തിമ സന തളിച്ചപ്പോൾ അൽപനേരം മാത്രം ശമനമുണ്ടായി.
വീണ്ടും പ്രാണികളെത്തിയതോടെ കളി നിർത്തി. ഗ്രൗണ്ട് സ്റ്റാഫെത്തി മരുന്ന് തളിച്ചതിനുശേഷമാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തിയ മൈതാനത്ത് പാമ്പിനെയും കണ്ടിരുന്നു.
മത്സരത്തിൽ ഇന്ത്യ 88 റൺസിന് പാകിസ്താനെ വീഴ്ത്തി. ഇന്ത്യ 247 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ പാകിസ്താന് 159 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.