ഫലസ്തീനിയൻ അഭയാർഥികൾക്ക് സ്റ്റേഡിയത്തിൽ സ്വീകരണമൊരുക്കി ലാ ലീഗ ക്ലബ്. അത്ലറ്റികോ ബിൽബാവോയാണ് ഔദ്യോഗികമായി ഫലസ്തീനിയൻ അഭയാർഥികൾക്ക് ആദരമൊരുക്കിയത്. ബാസ്ക്യു കൺട്രിയിൽ നിന്ന് സാൻ മാംസിലെ സ്റ്റേഡിയത്തിലേക്കാണ് അവരെ സ്വാഗതം ചെയ്തത്. മാല്ലോർക്കയുമായുള്ള മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു ഫലസ്തീൻ അഭയാർഥികൾക്കുള്ള ആദരം. എഴുന്നേറ്റ് നിന്ന് കൈയടികളോടെയാണ് ഫലസ്തീൻ അഭയാർഥികളെ കാണികൾ വരവേറ്റത്.
വംശഹത്യക്കെതിരെ തെരുവിലിറങ്ങൂ…; ബാഴ്സലോണയിലെ റാലി വിജയിപ്പിക്കാൻ ആഹ്വാനവുമായി പെപ് ഗ്വാർഡിയോള
ബാഴ്സലോണ: ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ മനസ്സാക്ഷി ഉണരാൻ ആഹ്വാനവുമായി ലോകഫുട്ബാളിലെ വിഖ്യാത പരിശീലകനും മുൻ താരവുമായി പെപ് ഗ്വാർഡിയോള.
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ പ്രതിഷേധങ്ങളുയരുമ്പോഴും ഭരണകൂടങ്ങൾ പ്രകടിപ്പിക്കുന്ന നിസ്സംഗതക്കെതിരെ പ്രതിഷേധമായി സ്പെയിനിലെ ബാഴ്സലോണ തെരുവിലിറങ്ങാനാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനും സ്പെയിനിൽ ഏറെ ആദരിക്കപ്പെടുന്ന ഫുട്ബാളറുമായ പെപ് ഗ്വാർഡിയോളയുടെ ആഹ്വാനം.
കടുത്ത വാക്കുകളിൽ ഇസ്രായേൽ വംശഹത്യയെ അപലപിച്ചുകൊണ്ടായിരുന്നു പെപ് വംശഹത്യക്കെതിരെ അണിനിരക്കാൻ ആഹ്വാനം ചെയ്തത്. ഒക്ടോബർ നാല് ശനിയാഴ്ച ബാഴ്സലോണയിലെ ജാർഡിനെറ്റ്സ് ഡി ഗ്രാസിയയിൽ നടക്കുന്ന വംശഹത്യ വിരുദ്ധ റാലിയിൽ അണിനിരക്കണമെന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു.
‘ആയിരക്കണക്കിന് കുട്ടികൾ ഇതിനകം മരിച്ചു കഴിഞ്ഞു, ഇനിയും നിരവധി പേർ മരിച്ചേക്കാം. ഗസ്സ തകർന്നു കഴിഞ്ഞു. ഭക്ഷണമോ കുടിവെള്ളമോ മരുന്നോ ഇല്ലാതെ ജനക്കൂട്ടം ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുകയാണിവിടെ’ -പെപ് പറയുന്നു.
സംഘടിതമായ പൊതു സമൂഹത്തിന് സർക്കാറിനു മേൽ സമ്മർദംചെലുത്തികൊണ്ട് വംശഹത്യക്കെതിരെ നടപടിയെടുക്കാനും ജീവൻ രക്ഷിക്കാനു കഴിയുമെന്ന് വ്യക്തമാക്കിയാണ് പെപ് സ്പെയിനിലെ ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധ പ്രളയം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്യുന്നത്.