ദുബൈ: പാകിസ്താനെതിരെയുള്ള ഏഷ്യകപ്പ് ഫൈനൽ പോരിൽ ചെറിയൊരു കടം വളരെ സിമ്പിളായി മടക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ.
ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുതെറിഞ്ഞാണ് ബുംറ കൈകൊണ്ട് ഫ്ലൈറ്റ് രൂപത്തിൽ ആഘോഷം നടത്തിയത്. 18-ാം ഓവറിൽ റൗഫിനെ വെറും ആറ് റൺസ് എടുത്തു നിൽക്കെയാണ് ബൗൾഡാക്കിയത്. ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യൻ ആരാധകർക്ക് നേരെ റൗഫ് ഒരു ഫ്ലൈറ്റ് താഴെ പോകുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചിരുന്നു.
അതെ തുടർന്ന് രീതിയിലുള്ള രോഷം ഇന്ത്യൻ ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. നേരത്തെ അങ്ങനെയുള്ള ആംഗ്യങ്ങൾ പ്രദർശിപ്പിച്ചതിന് റൗഫിന് നേരെ പിഴ ചുമത്തിയിരുന്നു. ഫ്ലൈറ്റ് വീഴുന്ന ആംഗ്യങ്ങൾക്ക് പുറമെ കൈകൊണ്ട് ആറ് എന്ന അക്കം കൂടി റൗഫ് പ്രദർശിപ്പിച്ചിരുന്നു. എല്ലാത്തിനുമുള്ള മറുപടി ഒരു ഒന്നാന്തരം യോർക്കറിലൂടെ ബുംറ നൽകുകയായിരുന്നു.
തീ..യായി തിലക്; പാകിസ്താൻ വീണ്ടും വീണു, ഏഷ്യകപ്പ് കിരീടം ഇന്ത്യക്ക്
ദുബൈ: ത്രില്ലർ പോരിനൊടുവിൽ ഏഷ്യകപ്പ് ക്രിക്കറ്റ് കിരീടം നിലനിർത്തി ഇന്ത്യ. കലാശപ്പോരിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
146 റൺസ് പിന്തുടർന്ന ഇന്ത്യ തുടക്കത്തിൽ വൻ തകർച്ച നേരിട്ടെങ്കിലും തിലക് വർമയുടെ ഗംഭീര ചെറുത്ത് നിൽപ്പിൽ വിജയം തിരിച്ചുപിടിക്കുകയായിരുന്നു. 53 പന്തിൽ പന്തിൽ 69 റൺസെടുത്ത തിലക് വർമ പുറത്താകാതെ നിന്നു.
താരതമ്യേന ചെറിയ വിജയലക്ഷ്യം തേടി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മിന്നുംഫോമിലുള്ള അഭിഷേക് ശർമയെയാണ് (5) ആദ്യം നഷ്ടമായത്. ഫഹീം അഷ്റഫിന്റെ പന്തിൽ ഹാരിസ് റൗഫ് പിടിച്ച് പുറത്താകുകയായിരുന്നു. തുടർന്നെത്തിയ നായകൻ സൂര്യകുമാർ യാദവ് (1) നിലയുറപ്പിക്കും മുൻപേ മടങ്ങി. ഷഹീൻ അഫ്രീദിയുടെ പന്തിൽ സൽമാൻ ആഗ പിടിച്ചാണ് പുറത്തായത്. സ്കോർ 20 റൺസിൽ നിൽക്കെ ഇന്ത്യക്ക് മൂന്നാമത്തെ വിക്കറ്റും നഷ്ടമായി. ഓപണർ ശുഭ്മാൻ ഗില്ല് (12) ഫഹീം അഷ്റഫിന് വിക്കറ്റ് നൽകി.
ഇതോടെ പരുങ്ങിലിലായ ഇന്ത്യയെ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് കരകയറ്റുകയായിരുന്നു. 21 പന്തിൽ 24 റൺസെടുത്ത സഞ്ജു, അബ്രാറിനെ കൂറ്റൻ അടിക്കുള്ള ശ്രമത്തിൽ ഫർഹാന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ ശിവം ദുബെ, തിലക് വർമക്ക് മികച്ച പിന്തുണയേകിയതോടെ ഇന്ത്യ കൈവിട്ട കളി തിരിച്ചുപിടിക്കുകയായിരുന്നു.
22 പന്തിൽ 33 റൺസെടുത്ത ശിവം ദുബെ പുറത്താവുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് ആറ് പന്തിൽ 10. ഹാരിസ് റൗഫ് എറിഞ്ഞ ഓവറിൽ ആദ്യ പന്ത് തിലക് വർമ ഡബ്ൾ, രണ്ടാം പന്ത് ഗ്യാലറിയിലേക്ക് നിലംതൊടാതെ പറന്നു. മൂന്നാം പന്തിൽ സിംഗ്ൾ. ജയിക്കാൻ ഒരു റൺസ്. നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തി റിങ്കു സിങ് ഇന്ത്യയെ കിരീടത്തിലെത്തിച്ചു.
പൊരിഞ്ഞ അടി, പിന്നീട് ചീട്ടുകൊട്ടാരം, 33 റൺസെടുക്കുന്നതിനിടെ വീണത് ഒമ്പത് വിക്കറ്റ്
ഓപണർമാരായ സാഹിബ്സാദ ഫർഹാന്റെയും ഫഖർ സമാന്റെയും ബാറ്റിങ് മികവിൽ പാക് ടീമിന് ഗംഭീര തുടക്കം ലഭിച്ചെങ്കിലും പിന്നീട് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 113 റൺസിൽ നിൽക്കെ രണ്ടാം വിക്കറ്റ് നഷ്ടമായ പാകിസ്താന് 33 റൺസെടുക്കുന്നതിനിടെയാണ് ബാക്കി എട്ടുവിക്കറ്റ് നഷ്ടമായത്.
ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് നാലും അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ഒരോവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് മെച്ചപ്പെട്ട സ്കോറെന്ന പാക് പ്രതീക്ഷകൾ എറിഞ്ഞുടയ്ക്കുകയായിരുന്നു.
ഫൈനലിൽ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയച്ചു. പാകിസ്താൻ കഴിഞ്ഞ മത്സരത്തിൽ അതേ ടീമിനെ നിലനിർത്തിയപ്പോൾ പരിക്കിനെ തുടർന്ന് ഹാർദിക് പാണ്ഡ്യയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.
ഇന്ത്യൻ ബൗളർമാർക്കെതിരെ കരുതലോടെ തുടങ്ങിയ പാക് ഓപണർമാർ പതിയെ വെടിക്കെട്ട് മൂഡിലേക്ക് നീങ്ങുകയായിരുന്നു. 9.4 ഓവറിൽ 84 റൺസിൽ നിൽക്കെയാണ് പാക് ടീമിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 38 പന്തിൽ 57 റൺസെടുത്ത സാഹിബ്സാദ ഫർഹാൻ വരുൺ ചക്രവർത്തിയുടെ പന്തിൽ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ തിലക് വർമ പിടിച്ച് പുറത്താക്കുകയായിരുന്നു.
തുടന്നെത്തിയ സയിം അയ്യൂബ് (14) കാര്യമായ ചെറുത്ത് നിൽപ്പിന് ശ്രമിക്കാതെ കുൽദീപ് യാദവിന് വിക്കറ്റ് നൽകി മടങ്ങി. നിലയുറപ്പിക്കും മുൻപെ (0) മുഹമ്മദ് ഹാരിസിനെ അക്ഷർ പട്ടേൽ റിങ്കുസിങ്ങിന്റെ കൈകളിൽ എത്തിച്ചു. 35 പന്തിൽ 46 റൺസെടുത്ത ഫഖർ സമാൻ വരുൺ ചക്രവർത്തിയുടെ പന്തിൽ പുറത്തായതോടെ കൂറ്റൻ സ്കോറിലേക്ക് നീങ്ങും എന്ന് തോന്നിയ പാക് നില പരുങ്ങിലിലായി. ഹുസൈൻ തലാത്തിനെ (1) അക്ഷർ പട്ടേലിന്റെ ബൗളിങ്ങിൽ സഞ്ജു സാംസൺ പിടികൂടി.
ക്യാപ്റ്റൻ സൽമാൻ ആഗയേയും (8) ഷഹീൻ അഫ്രീദിയെയും (0) ഫഹീം അഷ്റഫിനെയും (0) തന്റെ അവസാന ഓവറിൽ പുറത്താക്കി കുൽദീപ് പാകിസ്താന് കനത്ത പ്രഹരമേൽപ്പിച്ചു. ഹാരിസ് റൗഫിനെയും (6) മുഹമ്മദ് നസാവിനെയും ബുംറയും വീഴ്ത്തിയതോടെ പാക് ടീമിന്റെ കഥകഴിഞ്ഞു.