മഡ്രിഡ്: കടലാസിൽ റയൽ മഡ്രിഡായിരുന്നു കരുത്തർ. കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം, റോഡ്രിഗോ, ഫ്രാങ്കോ മസ്റ്റൻന്റുനോ തുടങ്ങി ലോകോത്തര താരങ്ങളും, തുടർച്ചയായ ആറു വിജയങ്ങളുടെ റെക്കോഡും.
പക്ഷേ, മഡ്രിഡിലെ നാട്ടങ്കത്തിലെ ഈ ദിവസം അത്‍ലറ്റികോ മഡ്രിഡിന്റേതായിരുന്നു. സ്വന്തം ഹോംഗ്രൗണ്ടായ മെട്രോപൊളിറ്റാനോയിൽ നടന്ന മത്സരത്തിൽ എതിരാളിയുടെ വലിപ്പത്തെ ഭയക്കാതെ ഗോളടിച്ചുകൂട്ടാനിറങ്ങിയ അത്‍ലറ്റികോ മഡ്രിഡിന് വമ്പൻ ജയം. അർജന്റീന മുൻനിര താരം ഹൂലിയൻ അൽവാരസ് ഗോളടിയുമായി മുന്നിൽ നിന്ന് നയിച്ച അങ്കത്തിൽ 5-2നായിരുന്നു അത്‍ലറ്റികോ മഡ്രിഡിന്റെ തകർപ്പൻ ജയം. അൽവാരസ് രണ്ടും, റോബിൻ ലെ നോർമൻഡ്, അലക്സാണ്ടർ സൊർലോത്, അന്റൊയിൻ ഗ്രീസ്മാൻ എന്നിവർ ഓരോ ഗോളും നേടി.
കളിയുടെ 14ാം മിനിറ്റിൽ റോബിന്റെ ഗോളിലൂടെ അത്ലറ്റികോയാണ് തുടക്കം കുറിച്ചതെങ്കിലും, രണ്ടാം പകുതിക്കു മുമ്പേ രണ്ട് ഗോളടിച്ച് റയൽ മഡ്രിഡ് ലീഡ് പിടിച്ചു. 25ാം മിനിറ്റൽ കിലിയൻ എംബാപ്പെയും, 36ാം മിനിറ്റിൽ അർദ ഗുലറും ചേർന്നായിരുന്നു റയലിന് ലീഡുറപ്പിച്ചത്. എന്നാൽ, ആദ്യ പകുതി പിരിയുന്നതിനു മുമ്പേ കളിയിലേക്ക് തിരിച്ചെത്തിയ അത്‍ലറ്റികോ മഡ്രിഡ് അലക്സാണ്ടർ സോർലോതിന്റെ ഇഞ്ചുറി ടൈം ഗോളിലൂടെ സമനില പിടിച്ചാണ് ഒന്നാം പകുതി പിരിഞ്ഞത്. കോകെയുടെ സമനില ഗോളിന് മുമ്പേ ലെങ്‍ലറ്റ് റയൽ വല കുലുക്കിയെങ്കിലും ഹാൻഡ്ബാളിന്റെ പേരിൽ നിഷേധിച്ചു.
രണ്ടാം പകുതിയിൽ കണ്ടത് റയലിന്റെ പ്രതിരോധകോട്ട തച്ചുതകർത്തുകൊണ്ട് കളം വാഴുന്ന അൽവാരസും കോകെയും ഗിലിയാനോ സിമിയോണയും ഉൾപ്പെടെ താരനിരയെയാണ്. 51ാം മിനിറ്റിൽ ഗുലറിന്റെ ഫൗളിന് അനുവദിച്ച പെനാൽറ്റി ഹൂലിയൻ അൽവാരസ് അനായാസം തിബോ കർടുവയുടെ വലയിലേക്ക് നിറയൊഴിച്ച് തുടക്കം കുറിച്ചു.
63ാം മിനിറ്റിൽ ലയണൽ മെസ്സി ടച്ച് പ്രകടമായ ഫ്രീകിക്കിലൂടെയാണ് അൽവാരസ് ആരാധകം ഹൃദയം കവർന്നത്. കോച്ച് ഡീഗോ സിമിയോണിയെ പോലും അതിശയിപ്പിച്ച ആ കിക്കിൽ പന്ത് ഗോളി കർടുവക്കും പിടിനൽകാതെ വളഞ്ഞുപുളഞ്ഞു കയറിയത് വലക്കുള്ളി. 4-2ന് ആധികാരിക ലീഡ് നേടിയതിനു പിന്നാലെ അൽവാരസ് കളം വിട്ട ശേഷമായിരുന്നു ഗ്രീസ്മാന്റെ ഗോൾ പിറവി. 83ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ ഗ്രീസ്മാൻ, അലയാന്ദ്രോ ബയേന നൽകിയ ക്രോസിൽ ഉജ്വല ഫിനിഷിങ്ങുമായാണ് ഗോൾ കുറിച്ചത്.
മഡ്രിഡ് ഡർബിയിൽ സമീപകാലത്തെ ഏറ്റവും വലിയ ജയമാണ് അത്‍ലറ്റികോ മഡ്രിഡ് കുറിച്ചത്.
1950ൽ 5-1ന് റയലിനെ വീഴ്ത്തിയ ശേഷം, ആദ്യമായി അഞ്ച് ഗോളടിച്ച് നേടുന്ന ജയം കൂടിയായി അത്‍ലറ്റികോക്ക്. അതേസമയം, സീസണിൽ ആറിൽ ആറും ജയിച്ച് കുതിക്കുന്ന റയൽ മഡ്രിഡിന്റെ ആദ്യ തോൽവിയുമായി ഇത്.
എന്നാൽ, സീസണിൽ തിരിച്ചടികളോടെ തുടങ്ങിയ സിമിയോണിക്കും സംഘത്തിനും തങ്ങളുടെ മൂന്നാം ജയം മാത്രമാണിത്. ഏഴ് കളിയിൽ 12 പോയന്റ് മാത്രമുള്ള അത്‍ലറ്റികോ അഞ്ചാം സ്ഥാനത്താണിപ്പോൾ.
