ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ ഒരു ദറ്റാണ്ടിലേറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഔദ്യോഗിക മത്സരത്തിനിറങ്ങുന്നു. ഞായറാഴ്ച നടക്കുന്ന ഇറ്റാലിയൻ തേർഡ് ഡിവിഷൻ മത്സരത്തിൽ റവന്ന തങ്ങളുടെ പ്രാദേശിക എതിരാളികളായ ഫോർലിയെ നേരിടുമ്പോഴാണ് റൊണാൾഡീഞ്ഞോ ആദ്യ ഇലവനിൽ കളിക്കുന്നത്.
ബാഴ്സലോണയുടെയും എസി മിലാനുന്റേയും മുൻ പ്ലേമേക്കറായ 46 കാരനായ താരം, കഴിഞ്ഞ ആഗസ്റ്റിൽ ഈ സെറിയ സി ക്ലബ്ബിൽ ചേർന്നതിനുശേഷമുള്ള തന്റെ ആദ്യ മത്സരത്തിനാണ് തയ്യാറെടുക്കുന്നത്.
പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് 2015 സെപ്റ്റംബറിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനെൻസിനായാണ് അദ്ദേഹം അവസാനമായി ഒരു മത്സരത്തിൽ പങ്കെടുത്തത്.
റൊണാൾഡീഞ്ഞോ തന്റെ ടീമിന്റെ മൂന്ന് മുന്നേറ്റനിരക്കാരിൽ ഒരാളായി മത്സരത്തിൽ ആദ്യമായി കളത്തിലിറങ്ങുമെന്ന് റവന്ന മാനേജർ ആൻഡ്രിയ മൻഡോർലിനി വെള്ളിയാഴ്ച വ്യക്തമാക്കി.
“അവൻ തുടക്കം മുതൽ കളിക്കും, അതിൽ സംശയമില്ല,” മൻഡോർലിനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “തുടർന്ന് ഞങ്ങൾ ഒരുമിച്ച് അവൻ എത്ര സമയം കളിക്കണമെന്ന് തീരുമാനിക്കും.”
“ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് അദ്ദേഹം. ഞങ്ങൾക്ക് വിജയം നേടിയേ തീരൂ. ഞങ്ങൾ എപ്പോഴും മൂന്ന് ഫോർവേഡ് താരങ്ങളുമായാണ് കളിക്കുന്നത്. അവരിൽ ഒരാളായി അവൻ ഉണ്ടാകും.”
മുൻ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡീഞ്ഞോ ആദ്യം ഒരു നിക്ഷേപകനായാണ് ഈ ഇറ്റാലിയൻ ക്ലബ്ബിൽ ചേർന്നത്. എന്നാൽ തന്റെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 300 തികയ്ക്കാൻ ഒരു അവസാന ഗോൾ നേടുകയെന്ന ലക്ഷ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
“അയാളുടെ ലക്ഷ്യം വളരെ വൈകാരികമാണ്, തന്റെ അവസാന ഗോൾ നേടാൻ അവൻ ശ്രമിക്കുന്നു,” ക്ലബ്ബ് ഉടമ ഇഗ്നാസിയോ സിപ്രിയാനി ഈ വർഷത്തിന്റെ തുടക്കത്തിൽ പറഞ്ഞു.
“അയാളുടെ ഈ പങ്കാളിത്തം വെറുമൊരു നാമമാത്രമായ കാര്യമോ ആളുകളെക്കൊണ്ട് സംസാരിപ്പിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രമോ അല്ല.”
ബ്രസീലിയൻ താരം വെള്ളിയാഴ്ച ഇറ്റലിയിൽ എത്തിച്ചേർന്നു. ഞായറാഴ്ചത്തെ മത്സരത്തിന് മുന്നോടിയായി ടീം അംഗങ്ങളോടൊപ്പം ഒരു പരിശീലന സെഷനിൽ മാത്രമാണ് അദ്ദേഹം പങ്കെടുക്കുക.
ലോകകപ്പ് ജേതാവായ ഈ താരത്തെ അവസാനമായി ഒരു നോക്ക് കാണാൻ എത്തുന്ന ആരാധകരെ ഉൾക്കൊള്ളുന്നതിനായി റവന്നയുടെ സ്റ്റാഡിയോ ബ്രൂണോ ബെനെല്ലിയിൽ താൽക്കാലിക സ്റ്റേൻ്റ് നിർമ്മിച്ചിട്ടുണ്ട്.
നിലവിൽ 13 മത്സരങ്ങൾക്ക് ശേഷം ലീഗിൽ രണ്ടാം സ്ഥാനത്തുള്ള റവന്നയ്ക്ക് ലഭിക്കുന്ന പെനാൽറ്റികൾ റൊണാൾഡീഞ്ഞോ തന്നെ കിക്കെടുക്കുമെന്ന് ക്ലബ്ബ് ഫോർവേഡ് സിമോൺ റാബിയും വ്യക്തമാക്കിയിട്ടുണ്ട്.
