ബയേൺ മ്യൂണിക്കെതിരായ മത്സരത്തിൽ ഹാരി കെയ്നുമായി ജേഴ്സി കൈമാറാൻ കാത്തിരിക്കുന്നുവെന്ന് കോളോൺ താരം മൈക്കി മൂർ
വെള്ളിയാഴ്ച നടക്കുന്ന ബുണ്ടസ്ലിഗ മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ നേരിടുമ്പോൾ മുൻ ടോട്ടൻഹാം സഹതാരം ഹാരി കെയ്നുമായി ജേഴ്സി കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോളോൺ ലോൺ താരം മൈക്കി മൂർ പറയുന്നു.
19 വയസ്സുകാരനായ ഇംഗ്ലണ്ട് അണ്ടർ-21 ഇന്റർനാഷണൽ താരം സ്പർസിൽ നിന്നുള്ള ഒരു വർഷത്തെ ലോണിലാണ് കളിക്കുന്നത്. അതേസമയം ത്രീ ലയൺസ് ക്യാപ്റ്റനും ബാലൺ ഡി ഓർ ജേതാവുമായ കെയ്ൻ 2023-ൽ നോർത്ത് ലണ്ടൻ വിട്ട് ബുണ്ടസ്ലിഗയിലെ വമ്പൻമാരായ ബയേണിൽ ചേരുകയായിരുന്നു.
Advertisement
“ഞാൻ ഇതുവരെ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അദ്ദേഹം ടോട്ടൻഹാം വിട്ടുപോകുമ്പോൾ ഞാൻ മെയിൻ ടീമിലേക്ക് വരുന്നതേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഞങ്ങൾക്ക് പരസ്പരം വലിയ പരിചയമില്ല,” മൂർ പറഞ്ഞു.
“എന്നാൽ വെള്ളിയാഴ്ച ഞങ്ങൾക്ക് ബയേണുമായി കളിയുണ്ട്. അതിനാൽ അദ്ദേഹത്തോട് സംസാരിക്കാനും ഒരുപക്ഷേ അദ്ദേഹത്തിന്റെ ജേഴ്സി സ്വന്തമാക്കാനും കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”
ജിഎംടി സമയം രാത്രി 7:30-ന് ആരംഭിക്കുന്ന മത്സരം ബിബിസി സ്പോർട്സിലും ഐപ്ലേയിലും തത്സമയം സംപ്രേഷണം ചെയ്യും.
2021-22 സീസണിൽ മൂർ ആദ്യമായി സീനിയർ സ്ക്വാഡിനൊപ്പം പരിശീലനം നടത്താൻ എത്തിയപ്പോഴും കെയ്ൻ ടോട്ടൻഹാമിൽ ഉണ്ടായിരുന്നു.
“ഞാൻ വളരെ ചെറുപ്പമായിരുന്ന കാലം മുതൽ അദ്ദേഹം എന്റെ വലിയൊരു ആരാധനാപാത്രമാണ്,” കഴിഞ്ഞ മാസം യൂറോ ലീഗ്സ് പോഡ്കാസ്റ്റിൽ സംസാരിക്കവെ മൂർ പറഞ്ഞു.
Advertisement
“അന്റോണിയോ കോണ്ടയുടെ കീഴിൽ ഞാൻ ആദ്യമായി മെയിൻ ടീമിനൊപ്പം പരിശീലനത്തിന് പോയപ്പോൾ ഹാരി കെയ്ൻ അവിടെയുണ്ടായിരുന്നു. അതുവരെ ഞാൻ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചില ഫിനിഷിങ് ഷോട്ടുകൾ അവിടെ കണ്ടു.”
“അദ്ദേഹത്തിനെതിരെ കളിക്കാനും ഒരേ ഗ്രൗണ്ടിൽ കളിക്കാനും കഴിയുന്നത് വലിയൊരു അനുഭവമായിരിക്കും.”
ജർമനിയിൽ വെച്ച് ഇരുവരും ഇതുവരെ കണ്ടുമുട്ടിയിട്ടില്ലെങ്കിലും, കഴിഞ്ഞ മാസം അന്താരാഷ്ട്ര മത്സരത്തിനിടെ മൂർ ഇംഗ്ലീഷ് ക്യാപ്റ്റനെ കണ്ടുമുട്ടിയിരുന്നു.
“ആ ജേഴ്സി കൈക്കലാക്കാൻ ഞാൻ എന്റെ കഴിവിൻ്റെ പരമാവധി ശ്രമിക്കും,” മൂർ കൂട്ടിച്ചേർത്തു. “കഴിഞ്ഞ അന്താരാഷ്ട്ര ഇടവേളയിൽ ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു, ചെന്ന് ഹലോ പറയുകയും ചെയ്തു.”
“പ്രതീക്ഷയോടെ, ആ ജേഴ്സിയുമായി ഞാൻ കോളോണിലേക്ക് മടങ്ങിയെത്തുമെന്ന് കരുതുന്നു.”
Advertisement
‘എന്റെ കംഫർട്ട് സോണിൽ നിന്ന് അൽപ്പം പുറത്തുകടക്കാൻ ഞാൻ ആഗ്രഹിച്ചു’
ബുണ്ടസ്ലിഗയിലെ ജഡൻ സാഞ്ചോയുടെയും ജൂഡ് ബെല്ലിങ്ഹാമിന്റെയും വിജയം കോളോണിൽ ലോണിൽ ചേരാനുള്ള തന്റെ തീരുമാനത്തെ സ്വാധീനിച്ചതായി മൂർ പറയുന്നു.
17 വയസ്സുള്ള സാഞ്ചോ മാഞ്ചസ്റ്റർ സിറ്റി വിട്ട് ബോറുസിയ ഡോർട്ട്മുണ്ടിൽ ചേർന്ന് ഏകദേശം ഒരു ദശാസ്ത്തോളം കഴിഞ്ഞാണ് മൂറിന്റെ ഈ മാറ്റം.
ജർമനിയിലെ തന്റെ കാലയളവിൽ, സാഞ്ചോ യൂറോപ്പിലെ ഏറ്റവും ആവേശകരമായ വിങ്ങർമാരിൽ ഒരാളായി സ്വയം അടയാളപ്പെടുത്തി. ഡോർട്ട്മുണ്ടിനായി 150-ലധികം മത്സരങ്ങൾ കളിക്കുകയും 2021-ൽ ക്ലബ്ബിന് ഡിഎഫ്ബി-പോകാൽ നേടിക്കൊടുക്കാൻ സഹായിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം 73 മില്യൺ പൗണ്ടിന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറി.
2020-ൽ ബെല്ലിങ്ഹാമും സമാനമായ വഴിയിലൂടെ കളി ജീവിതം തുടർന്നു. തന്റെ ബാല്യകാല ക്ലബ്ബായ ബിർമിങ്ഹാം സിറ്റി വിട്ട് അദ്ദേഹം ഡോർട്ട്മുണ്ടിൽ ചേർന്നു. 2023-ൽ പ്രാരംഭ തുകയായ 88.5 മില്യൺ പൗണ്ടിന് റയൽ മാഡ്രിഡിൽ ചേരുന്നതിന് മുമ്പ് ഈ മിഡ്ഫീൽഡർ ലോക ഫുട്ബോളിലെ ഏറ്റവും ആവശ്യക്കാരുള്ള താരങ്ങളിൽ ഒരാളായി അതിവേഗം വളർന്നു.
Advertisement
“വർഷങ്ങളായി നിരവധി യുവതാരങ്ങൾ ഇവിടേക്ക് വരുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. ജൂഡ് ബെല്ലിങ്ഹാം, ജഡൻ സാഞ്ചോ തുടങ്ങിയ ലോകോത്തര താരങ്ങൾ വളരെ നന്നായി തിളങ്ങുന്ന നല്ല ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്,” മൂർ പറഞ്ഞു.
“ഫുട്ബോൾ കളിക്കാൻ ഇത് വളരെ ആകർഷകമായ ഒരു സ്ഥലമാണ്. പ്രത്യേകിച്ച് ഒരു യുവ അറ്റാക്കറെ സംബന്ധിച്ചിടത്തോളം. കളിക്കാൻ ഇതൊരു മികച്ച പ്ലാറ്റ്ഫോമാണ്. ക്ലബ്ബിലെ ആളുകളും മാനേജരും എനിക്ക് ഇതാണ് പറഞ്ഞു തന്നത്.”
“അവർ എന്നിൽ യഥാർത്ഥ വിശ്വാസം അർപ്പിച്ചു. എന്റെ കോളോൺ കരിയറിൽ വളരെ വേഗത്തിൽ എനിക്ക് ലഭിച്ച പ്ലേയിംഗ് ടൈം സന്തോഷം നൽകുന്നു. ക്ലബ്ബിലെ എല്ലാ സ്റ്റാഫുകളിൽ നിന്നും ആളുകളിൽ നിന്നും അങ്ങനെയൊരു വിശ്വാസം ലഭിക്കുന്നത് നല്ലതാണ്.”
“എന്റെ തീരുമാനത്തിൽ ഞാൻ ഇതിനകം തന്നെ സന്തോഷവാനാണ്. ഇപ്പോൾ എനിക്ക് സ്വന്തമായി മുന്നേറാനും, എന്റെ സ്വന്തം കഥ രചിക്കാനും ജർമൻ ഫുട്ബോളിൽ എന്റെ സ്വന്തം വഴി നിർമ്മിക്കാനും സാധിക്കും.”
Advertisement
ഓഗസ്റ്റിൽ മൂറിന് 19 വയസ്സ് തികഞ്ഞതേയുള്ളൂവെങ്കിലും, തന്റെ കംഫർട്ട് സോണിന് പുറത്തേക്ക് കാൽവെക്കുന്നത് അദ്ദേഹത്തിന് പുതിയ കാര്യമല്ല.
കഴിഞ്ഞ സീസണിൽ സ്കോട്ടിഷ് പ്രീമിയർഷിപ്പ് ക്ലബ്ബായ റേഞ്ചേഴ്സിലെ ലോൺ കാലയളവിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ എല്ലാ മത്സരങ്ങളിലുമായി അദ്ദേഹം 47 മത്സരങ്ങൾ കളിച്ചു.
മൂർ തന്റെ ബാല്യകാല ക്ലബ്ബായ ടോട്ടൻഹാം വിടുന്നത് അതാദ്യമായിരുന്നു. ആ വെല്ലുവിളിയെ അദ്ദേഹം ഏറ്റെടുത്തു. സ്കോട്ടിഷ് പ്രീമിയർഷിപ്പിൽ 28 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടി.
ജർമനിയിൽ താൻ ഇപ്പോൾ നേരിടുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു ആ അനുഭവം. എങ്കിലും മെയിൻ ടീം ഫുട്ബോളിന്റെ ആവശ്യകതകളുമായി പൊരുത്തപ്പെടാൻ അത് വിലയേറിയ അവസരമായി മാറി.
“ഇംഗ്ലണ്ടിൽ തന്നെ തുടരാനും കുറച്ചുകൂടി സുരക്ഷിതമായ ഒരിടത്ത് നിൽക്കാനുമുള്ള ഓപ്ഷനുകൾ എനിക്ക് ഉണ്ടായിരുന്നു,” മൂർ പറഞ്ഞു.
Advertisement
“എന്നാൽ ചർച്ചകൾക്കൊടുവിൽ ഞാൻ ഒരു ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച അഞ്ച് ലീഗുകളിൽ ഒന്നിൽ സ്വയം പരീക്ഷിക്കുന്നതിനായി എന്റെ കംഫർട്ട് സോണിൽ നിന്ന് അൽപ്പം പുറത്തുകടക്കാൻ ഞാൻ ആഗ്രഹിച്ചു.”
“ഞങ്ങൾ സംസാരിച്ചപ്പോൾ, ഈ തരത്തിലുള്ള ഫുട്ബോൾ അനുഭവിച്ചറിയുന്നത് എനിക്ക് വളരെ നല്ലൊരു അനുഭവമായിരിക്കുമെന്ന് എല്ലാവരും പറഞ്ഞു.”
“ഇത് വളരെ കടുത്ത മത്സരങ്ങൾ നടക്കുന്ന ലീഗാണ്, ഒപ്പം ലീഗിൽ മികച്ച ചില ടീമുകളുമുണ്ട്.”
“എന്നെ സംബന്ധിച്ചിടത്തോളം അതൊരു ചിന്തയുടെ പോലും ആവശ്യമില്ലാത്ത കാര്യമായിരുന്നു. ഞാൻ ഇങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നുവെന്ന് വളരെ നേരത്തെ തന്നെ തീരുമാനം എടുത്തു, ഇപ്പോൾ എനിക്ക് മുന്നോട്ട് കുതിക്കേണ്ടതുണ്ട്.”
ഈ വേനൽക്കാലത്ത് ക്ലബ്ബിൽ ചേർന്ന മറ്റ് ഇംഗ്ലീഷ് യൂത്ത് ഇന്റർനാഷണൽ താരങ്ങളായ റെയ്ഗൻ ഹെസ്കി, ജാഹ്മായ് സിംപ്സൺ-പുസി എന്നിവർക്ക് സമീപം ഒരു അപ്പാർട്ട്മെന്റ് കണ്ടെത്തിയ ഈ കൗമാരക്കാരൻ ഇപ്പോൾ ജർമൻ ഭാഷ പഠിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
Advertisement
കഴിഞ്ഞ മാസമാണ് മൂർ തന്റെ ആദ്യ പാഠം പഠിച്ചത്. അമ്മയുടെ അഭ്യർത്ഥന പ്രകാരം, വരുന്ന ആഴ്ചകളിൽ ഭാഷയിലെ പദസമ്പത്ത് വർദ്ധിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്.
“ഞാൻ സ്കൂളിൽ അത്ര മിടുക്കനൊന്നും ആയിരുന്നില്ല, അതിനാൽ ഈ ഭാഷ പഠിക്കാൻ എനിക്ക് കുറച്ചു സമയം എടുത്തേക്കാം,” മൂർ തമാശയായി പറഞ്ഞു.
“കുറഞ്ഞപക്ഷം ജർമൻ ഭാഷയിൽ എനിക്ക് ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ചില വാക്കുകളെങ്കിലും പഠിച്ചെടുക്കാൻ സാധിക്കും.”
