ബ്രസീലിയൻ ക്ലബ്ബായ പൽമീറസിന്റെ യുവ പ്രതിരോധ താരം വിറ്റർ റീസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി നടത്തുന്ന ശ്രമങ്ങൾ തുടരുകയാണെന്ന് പൽമീറസ് പ്രസിഡന്റ് ലൈല പെരേര സ്ഥിരീകരിച്ചു. യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ റീസിനെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നതായി കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
പെരേരയുടെ അഭിപ്രായത്തിൽ, മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ഓഫർ തൃപ്തികരമല്ലായിരുന്നു, എന്നാൽ ചർച്ചകൾ തുടരുകയാണ്. “മാഞ്ചസ്റ്റർ സിറ്റി വിറ്റർ റീസിനായി ഔദ്യോഗികമായി ഒരു ഓഫർ നൽകിയിട്ടുണ്ട്, പക്ഷേ അത് മതിയായതല്ലായിരുന്നു… ഞങ്ങൾ ഇപ്പോഴും ചർച്ചകൾ നടത്തുകയാണ്. പൽമീറസിനും കളിക്കാരനും സിറ്റിക്കും തൃപ്തികരമായ ഒരു തുകയിൽ ഞങ്ങൾ എത്തിച്ചേരുകയാണെങ്കിൽ, അത് നല്ലതാണ്. എന്നാൽ ഇപ്പോൾ, യാതൊന്നും തീരുമാനിച്ചിട്ടില്ല,” പെരേര പറഞ്ഞു.
അതേസമയം, ആർസി ലെൻസ് സെന്റർ-ബാക്ക് അബ്ദുകോദിർ ഖുസനോവിനെ മാഞ്ചസ്റ്റർ സിറ്റി നിലവിൽ സ്വന്തമാക്കിയിട്ടുണ്ട്. റീസിന്റെ കാര്യത്തിൽ, ഫിഫ ക്ലബ്ബ് ലോകകപ്പിന് ശേഷം മാത്രമേ താരത്തെ വിട്ടുകൊടുക്കാൻ പൽമീറസ് തയ്യാറാകൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.