ഇംഗ്ലീഷ് ഫുട്ബോൾ താരം മാർക്കസ് റാഷ്ഫോർഡ് ആസ്റ്റൺ വില്ലയിലേക്ക് ലോൺ അടിസ്ഥാനത്തിൽ ചേർന്നു. സ്പാനിഷ് പരിശീലകൻ ഉനായ് എമെരിയുടെ കീഴിൽ കളിക്കുന്ന വില്ലൻസ് റാഷ്ഫോർഡിനെ സ്ഥിരമായി ടീമിൽ ഉൾപ്പെടുത്താനുള്ള ഓപ്ഷനും നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലകൻ റൂബൻ അമോറിമിന്റെ പദ്ധതികളിൽ ഇടം നേടാനാകാതെ പോയതാണ് റാഷ്ഫോർഡിന്റെ ഈ ട്രാൻസ്ഫറിന് കാരണം.
ഏഴാം വയസ്സിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്ന റാഷ്ഫോർഡ് ക്ലബ്ബിനായി 400-ലധികം മത്സരങ്ങൾ കളിക്കുകയും 138 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ നവംബറിൽ അമോറിം പരിശീലകനായതോടെ റാഷ്ഫോർഡിന് ടീമിൽ സ്ഥാനം നഷ്ടമായി.
Read Also: ഗുരുവിനെ മറികടന്ന് ശിഷ്യൻ! സിറ്റിയെ 5-1 തകർത്ത് ആഴ്‌സണൽ
“എനിക്ക് നിരവധി ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ലഭിച്ചു, എന്നാൽ ആസ്റ്റൺ വില്ലയെ തിരഞ്ഞെടുക്കാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഈ സീസണിൽ അവർ കളിക്കുന്ന രീതിയും പരിശീലകന്റെ അഭിലാഷങ്ങളും എന്നെ ശരിക്കും ആകർഷിച്ചു,” റാഷ്ഫോർഡ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.
“എനിക്ക് ഫുട്ബോൾ കളിക്കണം, അത്രമാത്രം. തുടങ്ങാൻ ഞാൻ ആവേശത്തിലാണ്,” റാഷ്ഫോർഡ് പറഞ്ഞു.
വോൾവർഹാംപ്ടണോട് പരാജയപ്പെട്ട് ചാമ്പ്യൻസ് ലീഗ് സ്പോട്ടുകളിൽ നിന്ന് നാല് പോയിന്റ് പിന്നിലായ ആസ്റ്റൺ വില്ല ട്രാൻസ്ഫർ വിപണിയിൽ സജീവമാണ്. സ്പാനിഷ് താരം ആൻഡ്രെസ് ഗാർസിയ, ഡച്ച് ഫോർവേഡ് ഡോണിയൽ മാലെൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയ വില്ലൻസ് കൊളംബിയൻ സ്‌ട്രൈക്കർ ജോൺ ഡുറാനെ അൽ-നാസറിലേക്ക് വിറ്റഴിച്ചു. പാരീസ് സെന്റ്-ജെർമെയ്ൻ മിഡ്ഫീൽഡറും മുൻ റയൽ മാഡ്രിഡ് താരവുമായ മാർക്കോ അസെൻസിയോയെയും ആസ്റ്റൺ വില്ല ടീമിൽ എത്തിച്ചിട്ടുണ്ട്.