യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ ക്രൊയേഷ്യയെ 2-1ന് പരാജയപ്പെടുത്തിയ മത്സരത്തിൽ ഗോൾ നേടി സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. ഈ നേട്ടത്തോടെ, പ്രൊഫഷണൽ മത്സരങ്ങളിൽ 900 ഗോളുകൾ നേടുന്ന ആദ്യ കളിക്കാരനായി റൊണാൾഡോ മാറി.
ഇതോടെ, റൊണാൾഡോയുടെ പരമ്പരാഗത എതിരാളിയായ ലയണൽ മെസ്സിയെ (842 ഗോളുകൾ), മുൻ ഇതിഹാസ താരം പെലെയുടെ (765 ഗോളുകൾ) പിന്നിലാക്കിയാണ് റൊണാൾഡോ ഈ നേട്ടം കൈവരിച്ചത്. 2021-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരിക്കുമ്പോൾ ആണ് റൊണാൾഡോ തന്റെ 800 ഗോളുകൾ പൂർത്തിയാക്കിയിരുന്നത്.
ഈ 900 ഗോളുകളിൽ, 131 ഗോളുകൾ പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയാണ്. അതേസമയം, മെസ്സിയും ഇറാനിയൻ സ്‌ട്രൈക്കർ അലി ദേയിയും 109 ഗോളുകൾ വീതമാണ് തങ്ങളുടെ രാജ്യത്തിന് വേണ്ടി നേടിയത്.
ക്ലബ് തലത്തിൽ, സ്‌പോർട്ടിങ്ങിൽ 5 ഗോളുകൾ, മാഞ്ചസ്റ്റർ യുണൈറ്റഡിൽ 145 ഗോളുകൾ, റയൽ മാഡ്രിഡിന് 450 ഗോളുകൾ, ജുവന്റസിന് 101 ഗോളുകൾ, നിലവിലെ ക്ലബ്ബായ അൽ നാസ്റിന് 68 ഗോളുകൾ എന്നിവ നേടിയിട്ടുണ്ട്.
മുൻ സഹതാരം റിയോ ഫെർഡിനാൻഡിന്റെ വ്യക്തിഗത യൂട്യൂബ് ചാനലിലെ ഒരു ചാറ്റിൽ, റൊണാൾഡോ 1000 ഗോളുകൾ നേടാനുള്ള തന്റെ ആഗ്രഹം സ്ഥിരീകരിച്ചു. ബ്രസീലിയൻ ഫുട്ബോൾ ലെജന്ഡ് പെലെയോട് തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും റൊണാൾഡോ സമ്മതിച്ചു.