ലണ്ടൻ: 26 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിപ്പു തുടർന്ന ലിവർപൂളിന് ക്രാവൺ കോട്ടേജിൽ വൻവീഴ്ച. തുടർവിജയങ്ങളുമായി കിരീടയാത്ര നേരത്തെ അവസാനിപ്പിക്കാമെന്ന ലിവർപൂൾ മോഹം ഫുൾഹാമാണ് തച്ചുടച്ചത്. ആദ്യം ഗോളടിച്ച് ലിവർപൂൾ മുന്നിൽ കയറിയ കളിയിൽ 13 മിനിറ്റിന്റെ ഇടവേളയിൽ മൂന്നെണ്ണം അടിച്ചുകയറ്റി മത്സരം ആതിഥേയർ പിടിച്ചുവാങ്ങുകയായിരുന്നു. സ്കോർ 3-2.
ലിവർപൂളിനായി 14ാം മിനിറ്റിൽ മാക് അലിസ്റ്റർ ആദ്യം വല കുലുക്കിയതോടെ വരാനിരിക്കുന്നത് പതിവു കാഴ്ചയെന്ന് തോന്നിച്ചു. എന്നാൽ, ഗാലറിയെ ആഘോഷത്തിലാഴ്ത്തി വൈകാതെ റയാൻ സെസഗ്നൺ ഫുൾഹാമിനെ ഒപ്പമെത്തിച്ചു. ഇവോബി 32ാം മിനിറ്റിലും റോഡ്രിഗോ മൂനിസ് 37ലും ഗോളടിച്ചതോടെ ലിവർപൂൾ കളി മറന്ന പോലെയായി. രണ്ടാം പകുതിയിൽ ടീം ഒപ്പമെത്താൻ ശ്രമം നടത്തിയെങ്കിലും 72ാം മിനിറ്റിൽ ലൂയിസ് ഡയസിന്റെ ഗോളിലൊതുങ്ങി. തോറ്റെങ്കിലും ലിവർപൂൾ ഒന്നാം സ്ഥാനത്ത് 11 പോയിന്റ് ലീഡ് നിലനിർത്തി.
കഴിഞ്ഞ ദിവസം കരുത്തരായ നോട്ടിങ്ഹാം ഫോറസ്റ്റിനെ ഞെട്ടിച്ച് ആസ്റ്റൺ വില്ല യൂറോപ്യൻ മോഹങ്ങൾക്ക് കരുത്തുപകർന്നു. ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്കെതിരെ ക്വാർട്ടർ കളിക്കാനിരിക്കുന്ന ടീമിന് വിജയം ആവേശമാകും.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/jd3L0kH