അമ്മാൻ: ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ നിലനിർത്തി ഫലസ്തീൻ. ഇറാഖിനെതിരെ ഇൻജുറി ടൈം ഗോളിൽ നേടിയ നാടകീയ ജയത്തോടെയാണ് ഫലസ്തീൻ ലോകകപ്പിലെ ഫൈനൽ റൗണ്ട് പ്രതീക്ഷകൾ നിലനിർത്തിയത്. ജോർദാനിലായിരുന്നു മത്സരം നടന്നത്.
ഏഷ്യൻ ക്വാളിഫയറിൽ ഇത്രയും മുന്നേറ്റം ഫലസ്തീൻ ഉണ്ടാക്കുന്നത് ഇതാദ്യമായാണ്. ഇബ്രഹിം ബായേഷിന്റെ ക്രോസിൽ നിന്നും അയ്മെൻ ഹുസൈൻ നേടിയ ഗോളിലൂടെ ഇറാഖാണ് ആദ്യം മുന്നിലെത്തിയത്. 34ാം മിനിറ്റിലായിരുന്നു ഗോൾനേട്ടം. ഇറാഖിന്റെ ഗോളിന് 88ാം മിനിറ്റിലാണ് ഫലസ്തീൻ മറുപടി നൽകിയത്. അബു അലിയിലൂടെയായിരുന്നു ഫലസ്തീനിന്റെ സമനില ഗോൾ.
തുടർന്ന് അദം കായിദിന്റെ കോർണറിലൂടെ അമീദ് മഹാജനെയാണ് ഫലസ്തീനിന്റെ വിജയ ഗോൾ നേടിയത്. ഇൻജുറി ടൈമിന്റെ ഏഴാം മിനിറ്റിലാണ് ഫലസ്തീൻ ഗോൾ നേട്ടം. ഇതോടെ യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ കുവൈറ്റിനെ മറികടന്ന് ഫലസ്തീൻ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഗ്രൂപ്പിലെ ഫേവറിറ്റുകളിൽ ഒരാളായ ഇറാഖ് 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ആറ് ടീമുകളുള്ള ഗ്രൂപ്പിൽ 16 പോയിന്റുമായി ദക്ഷിണകൊറിയയാണ് ഒന്നാമത്. 13 പോയിന്റുമായി ജോർദാനാണ് ഗ്രൂപ്പിൽ രണ്ടാമത്. ഈ രണ്ട് ടീമുകളും 2026ലെ ലോകകപ്പിലേക്ക് നേരിട്ട് തന്നെ യോഗ്യത നേടും.ഗ്രൂപ്പിൽ നിന്നും മൂന്ന്, നാല് സ്ഥാനങ്ങൾ നേടുന്ന ടീമുകൾ പ്ലേ ഓഫിന് യോഗ്യത നേടും. നിലവിൽ നാലാം സ്ഥാനത്തുള്ള ഒമാനുമായി നാല് പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഫലസ്തീനുള്ളത്. രണ്ട് കളികൾ ഫലസ്തീന് ബാക്കിയുണ്ട്.
ജൂൺ അഞ്ചിനാണ് ഫലസ്തീനിന്റെ അടുത്ത മത്സരം. ഗ്രൂപ്പിൽ അവസാന സ്ഥാനത്തുള്ള കുവൈറ്റാണ് ഏതിരാളി. ഇതേ ദിവസം തന്നെ ഒന്നാം സ്ഥാനത്തുള്ള ജോർദാനുമായി നാലാം സ്ഥാനത്തുള്ള ഒമാനും മത്സരമുണ്ട്. ജൂൺ 10നാണ് ഫലസ്തീനും ഒമാനും തമ്മിലുളള നിർണായക യോഗ്യത മത്സരം.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/abnoI51