മഡ്രിഡ്: ഇരുഭാഗത്തും നാലുവീതം, ആകെ എട്ട് ഗോളുകൾ പിറന്ന മത്സരത്തിനൊടുവിൽ നാടകീയമായ കോപ ഡെൽ റേ ഫൈനലിൽ പ്രവേശിച്ച് റയൽ മഡ്രിഡ്.
ഒന്നാംപാദത്തിലെ ഒറ്റ ഗോൾ മുൻതൂക്കത്തിൽ 5-4നായിരുന്നു റയൽ സോസിഡാഡിനെതിരെ റയലിന്റെ വിജയം. സാധ്യതകൾ മാറിമറിഞ്ഞ രണ്ടാംപാദ മത്സരത്തിന്റെ ഇൻജുറി ടൈമിലും എക്സ്ട്രാ ടൈമിലും ഇരുഭാഗത്തുമായി പിറന്ന ഗോളുകൾക്കൊടുവിലായിരുന്നു സാൻഡിയാഗോ ബെർണാബ്യൂവിൽ ആതിഥേയരുടെ വിജയാഘോഷം. ഒരുഘട്ടത്തിൽ റയൽ സോസിഡാഡ് 1-3ന് മുന്നിലായിരുന്നു. അവസാന 10 മിനിറ്റുകളിൽ രണ്ടെണ്ണം തിരിച്ചടിച്ചാണ് റയൽ 3-3 ആക്കിയത്. ഇതോടെ ആതിഥേയർ അഗ്രഗേറ്റ് സ്കോറിൽ 4-3ന് മുൻതൂക്കവും പിടിച്ചു. എന്നാൽ, ഇൻജുറി ടൈമിൽ സോസിഡാഡ് വീണ്ടും. തുടർന്ന് കളി എക്സ്ട്രാ ടൈമിലെത്തി.
മത്സരം തുടങ്ങി 16ാം മിനിറ്റിൽത്തന്നെ ആൻഡർ ബാരെനെറ്റ്സിയയിലൂടെ സോസിഡാഡ് ലീഡ് എടുത്തിരുന്നു. ഇതിന് എൻട്രിക്കിലൂടെ 30ാം മിനിറ്റിൽ മറുപടി പറഞ്ഞു റയൽ. 70 മിനിറ്റിനുശേഷം കണ്ടത് ഗോൾ മഴ. 72ാം മിനിറ്റിൽ ഡേവിഡ് ആൽബയുടെ സെൽഫ് ഗോൾ സോസിഡാഡിനെ മുന്നിലെത്തിച്ചു.
80ാം മിനിറ്റിൽ ഒയർസബാൽ കൂടി ഗോൾ നേടിയതോടെ സന്ദർശക ലീഡ് 1-3. 82ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമും 86ൽ ഔറേലിയൻ ചൗമനിയും റയലിനായി ഗോൾ നേടി (3-3). അഗ്രഗേറ്റിൽ റയൽ മുന്നിൽ. ഇൻജുറി ടൈമിൽ സോസിഡാഡിനായി വീണ്ടും ഒയർസബാലിന്റെ ഗോൾ. എക്സ്ട്രാ ടൈമിന്റെ 25ാം മിനിറ്റിൽ അന്റോണിയോ റൂഡിഗറിന്റെ ഗോളാണ് റയലിനെ ഫൈനലിലെത്തിച്ചത്.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/z3AELV0