
മഡ്രിഡ്: സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്‍റെ ക്രൊയേഷ്യൻ ഇതിഹാസം ലൂക്ക മോഡ്രിച്ച് സീസണൊടുവിൽ പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചേക്കും. ഫുട്ബാൾ ലോകംകണ്ട എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായ മോഡ്രിച്ചും റയലുമായുള്ള കരാർ സീസണോടെ അവസാനിക്കും.
സുഹൃത്തും റയലിൽ സഹതാരവുമായിരുന്ന ജർമനിയുടെ ടോണി ക്രൂസ് കഴിഞ്ഞ സീസണിലാണ് ഫുട്ബാളിൽനിന്ന് വിരമിച്ചത്. സമാനരീതിയിൽ കളി നിർത്താനാണ് മോഡ്രിച്ചും ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും ഒരു വർഷത്തേക്കാണ് റയൽ താരത്തിന് കരാർ നീട്ടി നൽകിയത്. 39കാരന് ഇനി റയൽ കരാർ നീട്ടിനൽകില്ലെന്നാണ് റിപ്പോർട്ട്. റയൽ അല്ലാതെ മറ്റൊരു ക്ലബിനുവേണ്ടി ഇനി പന്തുതട്ടാനും താരത്തിന് ആഗ്രഹമില്ല. റയലിനൊപ്പമുള്ള അരങ്ങേറ്റ സീസണിൽ നിറംമങ്ങിയെങ്കിലും, പിന്നീട് ക്ലബിന്‍റെ പ്രധാന താരവും നായകനുമായി ആരാധകരുടെ മനസ്സ് കീഴടക്കുന്നതാണ് കണ്ടത്.

റയലിനായി 575 മത്സരങ്ങൾ കളിച്ചു. 43 ഗോളുകൾ നേടി, 92 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. ക്ലബിനൊപ്പം 28 സുപ്രധാന കിരീട നേട്ടങ്ങളിൽ പങ്കാളിയായി. ഇതിനിടെ ക്ലബിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി പേരെടുത്തു. 2012ൽ ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാമിൽനിന്നാണ് മോഡ്രിച്ച് റയലിലെത്തുന്നത്. 2018ലെ ബാലൺ ഡി ഓർ പുരസ്കാര ജേതാവാണ്. യുവ മധ്യനിര താരങ്ങളായ ഫെഡറികോ വാൽവെർഡെ, എഡ്വേർഡോ കമവിംഗ ഉൾപ്പെടെയുള്ളവർ ടീമിലുള്ളപ്പോൾ മോഡ്രിച്ചുമായി ഇനി കരാർ പുതുക്കാനുള്ള സാധ്യത വിരളമാണ്.
അതേസമയം, ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് ആദ്യപാദത്തിൽ അത്ലറ്റികോ മഡ്രിഡിനെ നേരിടാനിരിക്കുന്ന റയൽ ടീമിൽ വാൽവർഡെ കളിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. താരത്തിന് ഇതുവരെ ഫിറ്റ്നസ് വീണ്ടെടുക്കാനായിട്ടില്ല. പരിശീലനത്തിലും താരം പങ്കെടുത്തിരുന്നില്ല. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. അതിനുശേഷം ഇതുവരെ ടീമിനായി കളത്തിലിറങ്ങിയിട്ടില്ല. ലാ ലിഗയിൽ റയൽ ബെറ്റിസ്, റയൽ സോസിഡാഡ് ടീമുകൾക്കെതിരായ മത്സരം താരത്തിന് നഷ്ടമായിരുന്നു. ആദ്യ പാദത്തിൽ ജൂഡ് ബെല്ലിങ്ഹാമും ടീമിലുണ്ടാകില്ല.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/qsikR8F