
മഡ്രിഡ്: പ്രീമിയർ ലീഗിലെ വൻ വീഴ്ചകൾക്ക് യൂറോപ ലീഗിൽ കണക്കുതീർക്കാനിറങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡിനെ പിടിച്ചുകെട്ടി സ്പാനിഷ് ക്ലബായ റയൽ സോസിദാദ്. യൂറോപ ലീഗ് പ്രിക്വാർട്ടറിലാണ് ഓരോ ഗോൾ വീതമടിച്ച് യുനൈറ്റഡും സോസിദാദും സമനിലയിൽ പിരിഞ്ഞത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം 58ാം മിനിറ്റിൽ ജോഷുവ സിർകസി യുനൈറ്റഡിനെ മുന്നിലെത്തിച്ചെങ്കിലും 12 മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് മികെൽ ഒയർസബൽ റയൽ സോസിദാദിനെ ഒപ്പമെത്തിച്ചു.
കഴിഞ്ഞ ദിവസം എഫ്.എ കപ്പിൽനിന്ന് മടക്ക ടിക്കറ്റ് ലഭിച്ച യുനൈറ്റഡിന് സീസണിലെ വൻ വീഴ്ചയൊഴിവാക്കാൻ ജയം അനിവാര്യമായിരുന്നു. അടുത്ത വ്യാഴാഴ്ച ഓൾഡ് ട്രാഫോഡിൽ രണ്ടാം പാദം ജയിച്ച് ക്വാർട്ടർ ഉറപ്പാക്കുകയാകും ടീമിന്റെ അടുത്ത ലക്ഷ്യം. മറ്റൊരു മത്സരത്തിൽ, ഗ്രൂപ് ഘട്ടത്തിൽ വീഴ്ത്തിയ ഡച്ച് ക്ലബായ എ.ഇസഡ് അൽക്മാറാണ് മധുര പ്രതികാരമായി ടോട്ടൻഹാമിനെ ഒറ്റ ഗോളിന് തകർത്തത്. ടോട്ടൻഹാം താരം ലുകാസ് ബെർഗ്വാളിന്റെ സെൽഫ് ഗോളാണ് കളിയിൽ വിധി നിർണയിച്ചത്. ഫെനർബാഹ്- റേഞ്ചേഴ്സ് മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോൾ ജയവുമായി റേഞ്ചേഴ്സ് ക്വാർട്ടറിലേക്ക് നിർണായക ചുവടുവെച്ചു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/SC31u0K