
ഫുട്ബാളിലെ എക്കാലത്തയും മികച്ച താരം ആരാണെന്ന കാര്യത്തിൽ എന്നും ചർച്ച നടക്കാറുണ്ട്. അർജന്‍റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി, പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോ എന്നിവരെയെല്ലാം ഏറ്റവും മികച്ച താരങ്ങളായി കണക്കാക്കാറുണ്ട്. ഇവരോടൊപ്പം തന്നെ എക്കാലത്തേയും വലിയ താരങ്ങളായ ഡിഗോ മറഡോണ, പെലെ എന്നിവരെയും ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ ആരാധകരും ഫുട്ബാൾ താരങ്ങളും ചേർത്ത് പറയാറുണ്ട്.
ഇപ്പോഴിതാ ഫുട്ബാളിലെ രാജാവ് ബ്രസീൽ ഇതിഹാസമായ പെലെ ആണെന്ന് പറയുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ. മെസ്സി-റോണോ കാലഘട്ടത്തിൽ ഒരു മൂന്നാമനായി നെയ്മറിനെ ആളുകൾ കണക്കാക്കാറുണ്ട്. തനിക്ക് ഫുട്ബാളിലെ രാജാവാകാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ പരിക്കുകൾ തന്നെ ബാധിച്ചുവെന്നും അത് ഒരുപാട് നഷ്ടം വരുത്തിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് ഫുട്ബാളിലെ രാജാവാകാൻ ആഗ്രഹമില്ലായിരുന്നു എന്നല്ല, ഫുട്ബാളിൽ ഞാൻ ഒരേയൊരു രാജാവിനെയെ കണ്ടിട്ടുള്ളു, അത് പെലെയാണ്, നെയ്മർ പറഞ്ഞു. അതോടൊപ്പം തന്‍റെ കരിയറിൽ സംഭവിച്ച കാര്യങ്ങളും നെയ്മർ സംസാരിച്ചു.
‘എന്‍റെ ഫുട്ബാൾ കരിയറിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. പരിക്കുകൾ എന്നെ ഒരുപാട് ബാധിച്ചു. ചിലപ്പോൾ ദൈവത്തിന് അങ്ങനെയാവും വേണ്ടിയിരുന്നത്. എന്നാൽ ഈ ജീവിതത്തിൽ വളരെ സന്തുഷ്ടനാണ്.
ഞാൻ സ്വപ്നം കണ്ട കാര്യങ്ങളെല്ലാം നേടിയിട്ടുണ്ട്. മാത്രമല്ല ഞാൻ സ്വപ്നങ്ങൾ കാണാത്ത പല കാര്യങ്ങളും എൻറെ ജീവിതത്തിൽ സംഭവിക്കുകയും ചെയ്തു., എന്‍റെയും കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ജീവിതം മാറ്റിയതിൽ ഞാൻ എപ്പോഴും ദൈവത്തോട് നന്ദിയുള്ളവനാണ്. എനിക്ക് ഏറ്റവും പ്രധാനം അതാണ്,’ നെയ്മർ കൂട്ടിച്ചേർത്തു.
ഒരുപാട് പരിക്കുകൾ കാരണം കരിയറിന്‍റെ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ട താരമാണ് നെയ്മർ. നിലവിൽ തന്‍റെ പഴയ ക്ലബ്ബായ സാന്‍റോസിലേക്ക് നെയ്മർ തിരിച്ചെത്തിയിട്ടുണ്ട്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/TaH7MzQ