മെസ്സിക്ക് പിറന്നാൾ സമ്മാനം! ഇന്റർ മയാമി പ്രീ ക്വാർട്ടറിൽ; എതിരാളികൾ പി.എസ്.ജി
ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക് സഹതാരങ്ങളുടെ പിറന്നാൾ സമ്മാനം! ഇന്റർ മയാമി ഫിഫ ക്ലബ് ലോകകപ്പ് പ്രീ ക്വാർട്ടറിലെത്തി.
നിർണായക ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ പാൽമിറാസിനെ സമനിലയിൽ തളച്ചാണ് മെസ്സിയും സംഘവും ലോകകപ്പിന്റെ അവസാന പതിനാറിൽ ഇടംപിടിച്ചത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ ക്ലബും പ്രീ ക്വാർട്ടറിലെത്തി. ഇരു ടീമുകൾക്കും അഞ്ചു പോയന്റ് വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് പാൽമിറാസ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
ഇന്ന് മെസ്സിയുടെ 38ാം ജന്മദിനമാണ്. കളി അവസാനിക്കാൻ പത്തു മിനിറ്റ് മാത്രം ബാക്കി നിൽക്കെ, രണ്ടു ഗോളിനു മുന്നിൽനിന്നശേഷമാണ് മയാമി സമനില വഴങ്ങിയത്. ഏഴു മിനിറ്റിനുള്ളിൽ രണ്ടു ഗോളുകളാണ് മയാമിയുടെ വലയിൽ വീണത്. ടഡിയോ അല്ലെന്‍ഡെ, ലൂയിസ് സുവാരസ് എന്നിവരാണ് മയാമിക്കായി വലകുലുക്കിയത്. പൗളിഞ്ഞോ, മൗറിസിയോ എന്നിവരുടെ വകയായിരുന്നു പാല്‍മിറാസിന്റെ ഗോളുകൾ. ബ്രസീലിയന്‍ ക്ലബിന് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. 22 ഷോട്ടുകളാണ് പാല്‍മിറാസ് ഗോളിലോക്ക് തൊടുത്തത്.
ഗോള്‍കീപ്പര്‍ ഓസ്കര് ഉസ്താരിയുടെ പ്രകടനമാണ് മയാമിയെ രക്ഷിച്ചത്. മത്സരത്തിന്റെ 16ാം മിനിറ്റിൽ പാല്‍മിറാസ് പ്രതിരോധത്തിലെ വീഴ്ച മുതലെടുത്താണ് അല്ലെന്‍ഡെ മയാമിക്ക് ലീഡ് നേടികൊടുത്തത്. ഗോൾ മടക്കാനുള്ള പാൽമിറാസിന്റെ നീക്കങ്ങളൊന്നും ഫലം കണ്ടില്ല. രണ്ടാം പകുതിയിൽ 65ാം മിനിറ്റിൽ യുറുഗ്വായ് താരം സുവാരസിലൂടെ മയാമി ലീഡ് വർധിപ്പിച്ചു.
മയാമി മത്സരം ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് പാൽമിറാസിന്റെ രാജകീയ തിരിച്ചുവരവ്. 80ാം മിനിറ്റിൽ പൗളിഞ്ഞോ ആദ്യ വെടിപൊട്ടിച്ചു. ഏഴ് മിനിറ്റുകള്‍ക്ക് ശേഷം മൗറിസിയോ ടീമിന്റെ സമനില ഗോളും നേടി. ഒടുവിൽ 2-2 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്.
ഇതോടെ പ്രീ ക്വാർട്ടറിൽ തീപാറും പോരാട്ടത്തിനാണ് കളമൊരുങ്ങിയത്. യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജിയുമായി മയാമി ഏറ്റുമുട്ടും. പാർമിറാസിന് എതിരാളികൾ ബോട്ടാഫോഗോയും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ