
ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ കളിയിൽ അത്ലറ്റിക്കോ മഡ്രിഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി റയൽ മഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടന്നു. രണ്ടാംപാദ പ്രീക്വാർട്ടറിൽ അത്ലറ്റിക്കോ മഡ്രിഡ് 1-0ന് മുന്നിലെത്തിയെങ്കിലും ആദ്യപാദത്തിൽ റയൽ നേടിയ 2-1ന്‍റെ വിജയത്തിന്‍റെ പിൻബലത്തിൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ 4-2നാണ് റയലിന്‍റെ ജയം.
മത്സരത്തിന്‍റെ ആദ്യ മിനുറ്റിൽ തന്നെ ഗോൾ നേടി റയലിനെ ഞെട്ടിക്കുകയായിരുന്നു അത്ലറ്റിക്കോ. കൊണർ ഗാലഗർ ആണ് തുടക്കത്തിൽ തന്നെ ടീമിന് മുൻതൂക്കം നൽകിയത്. ഗോൾ വീണതോടെ ഇരുപാദങ്ങളിലുമായി സമനിലയിലായ കളിയിൽ മുന്നേറ്റമുണ്ടാക്കാൻ മഡ്രിഡ് ടീമുകൾ നിരന്തരം പരിശ്രമിച്ചു.
70ാം മിനിറ്റിൽ എംബാപ്പെയെ വീഴ്ത്തിയതിന് റയലിന് പെനാൽറ്റി ലഭിച്ചു. മത്സരത്തിൽ മുന്നേറാനുള്ള സുവർണാവസരം. എന്നാൽ, പെനാൽറ്റിയെടുത്ത വിനീഷ്യസ് ജൂനിയർ പന്ത് പുറത്തേക്ക് അടിച്ചു. ഗോൾ പിറക്കാതായതോടെ മത്സരം അധികസമയത്തേക്ക്. പരസ്പരം ആക്രമിച്ചുകളിച്ചെങ്കിലും അധികസമയത്തും ഗോൾ വീണില്ല. ഇതോടെ ഷൂട്ടൗട്ടിലേക്ക് നീങ്ങി.
റയലിന്‍റെ ആദ്യ കിക്കെടുത്ത എംബാപ്പെയും രണ്ടാംകിക്കെടുത്ത ബെല്ലിങ്ങാമും പന്ത് വലയിലാക്കി. അത്ലറ്റിക്കോയുടെ ആദ്യ കിക്ക് സോർലോത്ത് ഗോളാക്കി. രണ്ടാംകിക്കെടുത്ത ജൂലിയൻ ആൽവരസ് വീഴാൻ പോയെങ്കിലും പന്ത് വലയിൽ എത്തിച്ചു. റഫറി ഗോളും അനുവദിച്ചു. എന്നാൽ, റയൽ താരങ്ങൾ എതിർപ്പറിയിച്ചതോടെ വാർ പരിശോധനയിൽ അൽവാരസ് ടബിൾ ടച്ചാണെന്ന് വിധിച്ചു. വലത് കാലുകൊണ്ട് കിക്ക് എടുക്കും മുമ്പ് താരത്തിന്റെ ഇടത് കാൽ പന്തിൽ തട്ടിയതായാണ് വാർ കണ്ടെത്തൽ. തുടർന്ന് ഗോൾ റഫറി അനുവദിച്ചില്ല. സ്കോർ 2-1.
റയലിനായി അടുത്ത കിക്കെടുത്ത വാൽവെർഡെ ലക്ഷ്യംകണ്ടു. സ്കോർ 3-1. അത്ലറ്റിക്കോക്ക് വേണ്ടി കിക്കെടുത്ത കൊറെയ സ്കോർ 3-2 ആക്കി. റയലിന്‍റെ വാസ്കസിന്‍റെ കിക്ക് ഗോളി ഒബ്ലാക്ക് തട്ടിയകറ്റിയതോടെ അത്ലറ്റിക്കോക്ക് നേരിയ പ്രതീക്ഷ. എന്നാൽ, അടുത്ത കിക്കെടുത്ത അത്ലറ്റിക്കോയുടെ യോറെന്‍റെയുടെ ഷോട്ട് ബാറിൽ തട്ടി പുറത്തേക്ക്. റയലിന്‍റെ അടുത്ത കിത്ത് റൂഡിഗർ കൃത്യമായി വലയിലാക്കിയതോടെ 4-2 സ്കോറിൽ ജയം.
ക്വാർട്ടർ ഫൈനലിൽ ആഴ്‌സണലാണ് റയൽ മാഡ്രിഡിന്റെ എതിരാളി. ആദ്യപാദ മത്സരം ഏപ്രിൽ 8നും രണ്ടാംപാദം ഏപ്രിൽ 15നും നടക്കും.�
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/IA6kOGv