
മഡ്രിഡ്: ബ്രസീൽ സൂപ്പർതാരം നെയ്മർ സ്പാനിഷ് ക്ലബ് ബാഴ്സലോണയിലേക്ക് തിരിച്ചുപോകാൻ ഇഷ്ടപ്പെടുന്നതായി ഫുട്ബാൾ ഏജന്‍റ് ആന്ദ്രെ ക്യൂറി. 2013ൽ സാന്‍റോസിൽനിന്ന് നെയ്മർ ക്യാമ്പ് നൗവിലെത്തുന്നതിൽ ക്യൂറിക്ക് നിർണായക പങ്കുണ്ടായിരുന്നു. അന്ന് നെയ്മറിനായി റയൽ മഡ്രിഡും സജീവമായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ നെയ്മറിനെ കറ്റാലൻസ് ടീമിലെത്തിച്ചത് ക്യൂറിയുടെ ഇടപെടലായിരുന്നു.
സൗദി ക്ലബ് അൽ-ഹിലാലുമായുള്ള കരാർ അവസാനിപ്പിച്ച് അടുത്തിടെയാണ് താരം തന്‍റെ ബാല്യകാല ക്ലബായ സാന്‍റോസിലേക്ക് മടങ്ങിയെത്തിയത്. ജനുവരി ട്രാൻസ്ഫർ വിപണിയിലും ബാഴ്സ-നെയ്മർ അഭ്യൂഹം ഉയർന്നുകേട്ടിരുന്നു. സാന്‍റോസിനൊപ്പം ഏഴു മത്സരങ്ങളിൽ മൂന്നു തവണ വല ചലിപ്പിച്ച നെയ്മർ, മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ആറു മാസത്തെ കരാറിലാണ് താരം സാന്‍റോസിൽ തുടരുന്നത്. ഈ സമ്മറിൽതന്നെ താരം യൂറോപ്യൻ ഫുട്ബാളിലേക്ക് മടങ്ങാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ക്യൂറി ഇക്കാര്യം സ്ഥിരീകരിക്കുകയാണ് ഇപ്പോൾ. കറ്റാലൻസ് താൽപര്യം പ്രകടിപ്പിക്കുകയാണെങ്കിൽ 33കാരൻ ഏറെ സന്തോഷവനായിരിക്കുമെന്ന് ക്യൂറി സ്പാനിഷ് മാധ്യമത്തോട് വെളിപ്പെടുത്തി.
ബാഴ്സ വിട്ട് 2017ലാണ് നെയ്മർ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്ക് പോകുന്നത്. 2023 സമ്മറിൽ പി.എസ്.ജി വിട്ട് സൗദി ക്ലബിലെത്തിയെങ്കിലും 18 മാസത്തെ കാലയളവിൽ വെറും ഏഴു മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. പരിക്കാണ് താരത്തിന് വില്ലനായത്. ബാഴ്സയിലേക്ക് തിരിച്ചുപോകുകയാണെങ്കിൽ കരാർ തുക വെട്ടികുറക്കാനും നെയ്മർ തയാറാണ്.
അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിയും യുറുഗ്വായിയുടെ ലൂയിസ് സുവാരസും നെയ്മറും അടങ്ങുന്ന എം.എസ്.എം ത്രയം ബാഴ്സയുടെ സുവർണകാലമായിരുന്നു. നെയ്മറെ ക്ലബിലേക്ക് മടക്കിക്കൊണ്ടുവരാൻ ബാഴ്സ ഇതിനിടെ പല ശ്രമങ്ങളും നടത്തിയിരുന്നു. 2019ൽ ബാഴ്സ പ്രസിഡന്റ് ജോസഫ് മരിയ ബെർതാമ്യൂ തന്നെ മുന്നിട്ടിറിങ്ങിയെങ്കിലും നടന്നില്ല. പി.എസ്.ജി വിട്ട് അൽഹിലാലിലേക്ക് പോകുന്ന സമയത്തും ഒരു കൈനോക്കിയെങ്കിലും സാമ്പത്തിക പ്രയാസമാണ് തിരിച്ചടിയായത്.
സാന്റോസിലെത്തിയ നെയ്മർ തന്റെ പ്രതിഭക്കൊരു കോട്ടവും വന്നിട്ടില്ലെന്ന് തെളിയിക്കുമ്പോഴും പരിക്കുകൾ വേട്ടയാടുന്ന 33കാരനായി ബാഴ്സ പണമെറിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഹൈപ്രസിങ് എന്ന വലിയ ഫിറ്റ്നെസ് വേണ്ട കളിശൈലിയാണ് ഹാൻസി ഫ്ലിക്ക് ബാഴ്സയിൽ നടപ്പാക്കുന്നത്. അവർ പുതിയ ഫോർവേഡിനായി ബാഴ്സ അന്വേഷണത്തിലുമാണ്.
ലിവർപൂളിന്റെ ലൂയിസ് ഡയസ്, എ.സി മിലാന്റെ റാഫേൽ ലിയാവോ, ന്യൂകാസിലിന്റെ അലക്സാണ്ടർ ഇസാക് എന്നിവരെല്ലാം ബാഴ്സയുടെ റഡാറിലുണ്ട്. പണം ചെലവഴിക്കുന്നതിൽ ക്ലബിന് പരിമിതികളുണ്ട്. അങ്ങനെ വരുമ്പോൾ നെയ്മർ തന്നെയാണ് അവർക്ക് മികച്ച ഓപ്ഷൻ. എന്തായാലും കാത്തിരുന്നു കാണാം.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/7VaNmze