ഷില്ലോങ്: എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് ഇന്ത്യൻ ടീം ഗോൾരഹിത സമനില വഴങ്ങിയതിൽ രോഷാകുലനായി പരിശീലകൻ മനോലോ മാർക്വേസ്. മത്സരശേഷം നടന്ന വാർത്തസമ്മേളനത്തിൽ, ടീമിന്റെ പ്രകടനം വളരെ വളരെ ദയനീയമായെന്ന് അദ്ദേഹം തുറന്നടിച്ചു.
‘‘ഞാൻ ശരിക്കും നിരാശനും രോഷാകുലനുമാണ്. കരിയറിലെ ഏറ്റവും പ്രയാസകരമായ വാർത്തസമ്മേളനമാണിതെന്ന് പറയാം. കാരണം, ഈ നിമിഷം എന്റെ തലയിൽ വരുന്ന എല്ലാ കാര്യങ്ങളും ഞാൻ പറയാനുദ്ദേശിക്കുന്നില്ല. സെപ്റ്റംബറിലെ ഇന്റർ കോണ്ടിനന്റൽ കപ്പ് മുതൽ ടീം മെച്ചപ്പെട്ടുവരുകയായിരുന്നു.
ഈ ദിവസം പക്ഷേ, രണ്ടോ മൂന്നോ അടി പിറകിലേക്ക് പോയി. ഏറെ ദയനീയമായിരുന്നു ബംഗ്ലാദേശിനെതിരായ ഒന്നാം പകുതി. രണ്ടാം പകുതിയിൽ അൽപം മെച്ചപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഒരു പോയന്റ് ലഭിച്ചത് മിച്ചം. പല താരങ്ങളും പരിക്ക് കാരണം പുറത്താണ്. എന്നാൽ, അതൊന്നും മോശം പ്രകടനത്തിനുള്ള ഒഴികഴിവല്ല.’’-മാർക്വേസ് കൂട്ടിച്ചേർത്തു.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/bdTEaG7