
ലാലീഗയിൽ ഒന്നാം സ്ഥാനം നിലനിർത്ത ബാഴ്സലോണ. റയൽ സോസിഡാഡിനെ നാല് ഗോളിന് തോൽപ്പിച്ചാണ് ബാഴ്സലോണയുടെ തേരോട്ടം. നിലവിൽ 57 പോയിന്‍റാണ് ബാഴ്സലോണക്കുള്ളത്.
സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിംപിക് സ്റ്റേഡിയത്തിൽ ജെറാഡ് മാർട്ടിൻ (25),മാർക്ക് കസേഡോ (29), റൊണാൾഡോ അരാഹോ (56), റോബെർട്ട് ലെവൻഡോവ്സ്‌കി (60) എന്നിവരാണ് കാറ്റാലൻ പടക്ക് വേണ്ടി വലകുലുക്കിയത്. 17-ാം മിനിറ്റിൽ സോസിഡാഡ് പ്രതിരോധ താരം അരിത് എലുസ്റ്റോൻഡോ ചുവപ്പ് കാർഡ് വാങ്ങി മടങ്ങിയത് മത്സരത്തിൽ നിർണായകമായി. ബാഴ്സ താരം ഡാനി ഓൽമോയെ വീഴ്ത്തിയതിനാണ് അദ്ദേഹത്തിന് ചുവപ്പുകാർഡ് ലഭിച്ചത്. ഇതോടെ ബാഴ്സലോണക്ക് കളി എളുപ്പമായി.
25ാം മിനിറ്റിൽ ജെറാർഡ് മാർട്ടിൻ തൻ്റെ കരിയറിലെ ആദ്യ ഗോൾ നേടിയതോടെ ബാഴ്സ ആദ്യം ലീഡ് നേടി. പിന്നാലെ 29ആം മിനിറ്റിൽ കസാഡോയും ബാഴ്സക്ക് വേണ്ടിയുള്ള തൻ്റെ ആദ്യ ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ ബാഴ്സ രണ്ട് ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ റൊണാൾഡ് അറോഹോ ലീഡ് ഉയർത്തി. പിന്നീട് ലെവൻഡോസ്കി സമർത്ഥമായ ഒരു ഫിനിഷിലൂടെ വിജയം ഉറപ്പിച്ചു. ലെവൻഡോസ്കി ഇതോടെ തന്‍റെ സീസണിലെ ഗോളുകളുടെ എണ്ണം 21 ആയി ഉയർത്തി.
26 മത്സരങ്ങളിൽ നിന്നുമാണ് ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണക്ക് 57 പോയന്റുള്ളത്. രണ്ടാമതുള്ള അത്ലറ്റികോ മാഡ്രിഡിന് 56 പോയന്‍റും മൂന്നാമതുള്ള റയൽ മാഡ്രിഡിന് 54 പോയന്‍റുമാണ് നിലവിൽ.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/5thnKO1