ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യപാദത്തിൽ സ്പാനിഷ്, ജർമൻ വമ്പന്മാർക്ക് അടിതെറ്റി. എമിറേറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് (3-0) ആഴ്സനൽ വീഴ്ത്തിയത്.
കളിയിലുടനീളം ആധിപത്യം പുലർത്തിയ ഗണ്ണേഴ്സിനെ ഡെക്ലാൻ റൈസിന്റെ ഇരട്ട ഫ്രീകിക്ക് ഗോളുകളാണ് മുന്നിലെത്തിച്ചത്. ബുക്കായോ സാക്കായെ വീഴ്ത്തിയതിന് 58ാം മിനിറ്റിൽ ലഭിച്ച ഫ്രീക്കിക്ക് ഡെക്ലാൻ റൈസ് മനോഹരമായി വലയിലാക്കി. 70ാം മിനിറ്റിലും തനിയാവർത്തനം തന്നെയായിരുന്നു. സക്കായെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് പോസ്റ്റിന്റെ വലത് മൂലയിലേക്ക് തന്നെ പായിച്ച ഡെക്ലാൻ റൈസ് റയലിനെ വീണ്ടും ഞെട്ടിച്ചു(2-0).
75ാം മിനിറ്റിൽ ലൂയിസ് സ്കെല്ലി നൽകിയ പാസിൽ മൈക്കൽ മെറീഞ്ഞോയും ഗോൾ നേടിയതോടെ റയലിന്റെ പതനം പൂർണമായി.(3-0). അന്തിമ വിസിലിന് തൊട്ടുമുൻപ് രണ്ടാം മഞ്ഞകാർഡ് കണ്ട് റയലിന്റെ എഡ്വേർഡോ കാമവുംഗ പുറത്താവുകയും ചെയ്തു. ഏപ്രിൽ 16ന് സാന്റിയാഗോ ബർണബ്യൂവിൽ നടക്കുന്ന രണ്ടാംപാദ മത്സരത്തിൽ റയിലിന് മൂന്ന് ഗോളിന്റെ ലീഡ് മറികടക്കുക ശ്രമകരമാകും.�

മറ്റൊരു മത്സരത്തിൽ ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ 2-1 ന് ഇന്റർ മിലാൻ കീഴടക്കി. 38ാം മിനിറ്റിൽ ലൗത്താറോ മാർട്ടിനസിലൂടെയാണ് ഇന്റർമിലാൻ ആദ്യ ലീഡെടുക്കുന്നത്. 85ാം മിനിറ്റിൽ തോമസ് മ്യൂള്ളറിലൂടെ ബയേൺ ഗോൾ മടക്കിയെങ്കിലും മൂന്ന് മിനിറ്റിനകം ഡേവിഡ് ഫ്രറ്റേസിയുടെ ഗോളിലൂടെ ഇന്റർ വീണ്ടും ലീഡെടുക്കുകയായിരുന്നു. 2021 ന് ശേഷം ചാമ്പ്യൻസ് ലീഗിലെ ബയേണിന്റെ ആദ്യ ഹോം തോൽവിയായിരുന്നു.�
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ