കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം
കോഴിക്കോട്: ഐ.എസ്.എൽ ഫുട്ബാളിലെ കേരള ടീമായ ബ്ലാസ്റ്റേഴ്സ് രണ്ടാം ഹോം ഗ്രൗണ്ടായി കോഴിക്കോടിനെ പരിഗണിക്കുമ്പോൾ മറികടക്കേണ്ടത് കടമ്പകൾ. പഴകിയുണങ്ങിയ പുൽത്തകിടിയും ഫ്ലഡ് ലിറ്റും സുരക്ഷിതമല്ലാത്ത വി.ഐ.പി ലോഞ്ചും പാർക്കിങ്ങുമെല്ലാം വിലങ്ങുതടി തീർക്കുമ്പോഴും ഒഴുകിയെത്തുന്ന ഫുട്ബാൾ ആരാധകരാണ് ബ്ലാസ്റ്റേഴ്സ് ടീം അധികൃതർക്ക് കോഴിക്കോടിനെ പ്രിയങ്കരമാക്കുന്നത്. കഴിഞ്ഞദിവസം ഗ്രൗണ്ട് പരിശോധനക്കെത്തിയ ബ്ലാസ്റ്റേഴ്സ് സംഘം കെ.ഡി.എഫ്.എ, കെ.എഫ്.എ അധികൃതരുമായി ആശങ്ക പങ്കിട്ടത് പ്രധാനമായും പുൽത്തകിടിയിലാണ്. ഇത് നവീകരിക്കലാണ് പ്രധാന കടമ്പ.
മൊത്തം പുല്ല് മാറ്റിസ്ഥാപിച്ച് കൊച്ചി കലൂർ സ്റ്റേഡിയം കണക്കെ മാറ്റിപ്പണിയണം. ഐ ലീഗ് സീസൺ കഴിഞ്ഞയുടൻ അത് മാറ്റി അടുത്ത സീസൺ സെക്കൻഡ് സ്പെല്ലിന് മുമ്പെ പുതിയ പുൽത്തകിടി ഒരുക്കുമെന്ന് ബ്ലാസ്റ്റേഴ്സിന് വാക്കുകൊടുത്തിട്ടുണ്ട്. 90 ദിവസംകൊണ്ട് പൂർത്തിയാക്കുമെന്നാണ് ഉറപ്പ്. വി.വി.ഐ.പി ഗാലറിയൊരുക്കുന്നതിന് കോർപറേഷനുമായി ബന്ധപ്പെട്ടിട്ടുമുണ്ട്. നിലവിലെ വി.ഐ.പി സ്ട്രക്ചറിനെ മുന്നോട്ടുകൊണ്ടുപോയി കൂടുതൽ കാഴ്ച പ്രദാനം ചെയ്യാനാണ് നീക്കം. രാത്രി കളി നടക്കുമ്പോൾ ലൈവ് ടി.വി സംപ്രേഷണം ചെയ്യാനാവശ്യമായ വെളിച്ചം ഉറപ്പാക്കും. തടസ്സങ്ങൾ ഏറെയുണ്ടെങ്കിലും ആരാധകരെ അവഗണിക്കാൻ കഴിയാത്തതും കെ.ഡി.എഫ്.എയും കെ.എഫ്.എയും മുന്നിട്ടിറങ്ങിയതും ബ്ലാസ്റ്റേഴ്സിന്റെ വീട്ടുകളമായി കോഴിക്കോട് മാറുമെന്നാണ് ഫുട്ബാൾ ആരാധകർ സ്വപ്നം കാണുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ നാലോ അഞ്ചോ കളിയെത്തിയാൽ അത് കോഴിക്കോടിനുള്ള ഫുട്ബാൾ പ്രോത്സാഹനം കൂടിയാകുമെന്ന തിരിച്ചറിവ് കാരണം കെ.ഡി.എഫ്.എയും കെ.എഫ്.എയും ഏതു വിട്ടുവീഴ്ചക്കും തയാറാകും. എ.എഫ്.സി മത്സരങ്ങൾ നടത്തിയതിനാൽ സുരക്ഷാ, മെഡിക്കൽ പ്രശ്നങ്ങൾ കോഴിക്കോട്ട് ഇല്ലെന്ന് കെ.ഡി.എഫ്.എ സെക്രട്ടറി പറഞ്ഞു. ഒഫീഷ്യൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ബ്ലാസ്റ്റേഴ്സിനെയെത്തിക്കാൻ എന്തും ചെയ്യാനാണ് സംഘാടകരുടെ നീക്കം. ബ്ലാസ്റ്റേഴ്സിന്റെ സി.ഇ.ഒ അഭിക് ചാറ്റർജി ഉൾപ്പെടെ നാലുപേരാണ് കോഴിക്കോട് ഗ്രൗണ്ട് പരിശോധനക്കെത്തിയത്.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/ftkvoXa