
സാവോ പോളോ: തന്നെ കൂവിവിളിച്ച എതിർ ടീം ആരാധകർക്ക് കോർണർ കിക്ക് നേരെ വലയിലെത്തിക്കുന്ന ഒളിമ്പിക് ഗോളിലൂടെ ബ്രസീൽ സൂപ്പർതാരം നെയ്മറിന്‍റെ കിടിലൻ മറുപടി. സാവോ പോളോയിലെ പോളിസ്റ്റ എ വൺ ലീഗ് മത്സരത്തിൽ ഇന്റർനാഷനൽ ഡെ ലിമിറക്കെതിരെയായിരുന്നു നെയ്മറിന്റെ വിസ്മയ ഗോൾ. സൗദി ക്ലബ് അൽ ഹിലാലിൽനിന്ന് തന്‍റെ ബാല്യകാല ക്ലബായ സാന്‍റോസിൽ തിരിച്ചെത്തിയശേഷം താരം നേടുന്ന രണ്ടാമത്തെ ഗോളാണിത്.
മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് സാന്‍റോസ് എതിരാളികളെ പൊളിച്ചടുക്കി. ഒമ്പതാം മിനിറ്റിൽ ടിക്കീഞ്ഞോ സോറസിലൂടെ സാന്‍റോസ് ലീഡെടുത്തു. 27ാം മിനിറ്റിൽ കോർണറിൽനിന്നാണ് നെയ്മറിന്‍റെ അദ്ഭുത ഗോൾ പിറക്കുന്നത്. സാന്‍റോസിന് അനുകൂലമായി ലഭിച്ച കോർണർ കിക്കെടുക്കാനായി വരുമ്പോൾ തൊട്ടരികിൽ ഗാലറിയിലുണ്ടായിരുന്ന ലിമിറ ആരാധകർ കൂവിവിളിച്ചാണ് നെയ്മറിനെ വരവേറ്റത്. ശബ്ദം പോരെന്നും കുറച്ചുകൂടി ഉച്ചത്തിൽ കൂവാനും ആംഗ്യം കാട്ടി നെയ്മർ ആരാധകരെ പരിഹസിക്കുന്നുണ്ട്.
താരം കോർണർ ഫ്ലാഗിന് അരികിലെത്തിയിട്ടും ആരാകർ പ്രകോപനം തുടർന്നു. ഒട്ടും പരിഭവമില്ലാതെ കിക്കെടുത്ത നെയ്മർ പന്ത് നേരെ പോസ്റ്റ് ലക്ഷ്യമാക്കി ഉയർത്തിവിട്ടു. ബോക്സിനുള്ളിൽ സാന്‍റോസ്-ലിമിറ താരങ്ങളുടെ കൂട്ടപൊരിച്ചിലിനിടെ പന്ത് ഉയർന്നു ചാടിയ ഗോൾകീപ്പറുടെ കൈകൾക്കു മുകളിലൂടെ നേരെ ചെരിഞ്ഞിറങ്ങിയത് സെക്കൻഡ് പോസ്റ്റിലേക്ക്. പോസ്റ്റിൽ തട്ടി പന്ത് വലയിൽ കയറി. പിന്നാലെ ഗാലറിയിൽ ഉയർന്നത് സാന്‍റോസ് ആരാധകരുടെ ആർപ്പുവിളികളായിരുന്നു.
UGASUAGSDUASGDUAGSUDGA O NEYMAR METEU UM GOL OLÍMPICO! O ADM TÁ COMPLETAMENTE MALUCO! NÃO É POSSÍVEL! KKKKKKKKKKKKKK #Paulistão2025 pic.twitter.com/8S3vby2Npk
— TNT Sports BR (@TNTSportsBR) February 23, 2025
ലിമിറ ആരാധകർ വിസ്മയ ഗോൾ കണ്ട് നിശബ്ദരായി. തന്നെ കൂവിവിളിച്ച ലിമിറ ആരാധകരെ തുറിച്ചുനോക്കിക്കൊണ്ടുള്ള നെയ്മറിന്റെ നിൽപ്പും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തുടർന്ന് സൈഡിലെ പരസ്യ ബോർഡിനു മുകളിൽ കയറിയിരുന്ന് ലിമിറ ആരാധകരെ നോക്കി നെയ്മർ പരിഹസിക്കുന്നതും കാണാം. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അഞ്ച് മിനിറ്റിനു ശേഷം ടിക്കീഞ്ഞോ സോറസ് വീണ്ടും സാന്‍റോസിനായി വലകുലുക്കി. ഗോളിന് വഴിയൊരുക്കിയത് നെയ്മറും. മത്സരം സാന്റോസ് 3–0ന് ജയിച്ചു. തിരിച്ചുവരിൽ സാന്‍റോസിനായി നെയ്മറിന്‍റെ ആറാം മത്സരമായിരുന്നു. കഴിഞ്ഞയാഴ്ച ആഗ്വാ സാന്‍റക്കെതിരായ മത്സരത്തിൽ നെയ്മർ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചിരുന്നു. ബാഴ്സലോണക്കൊപ്പം ചേരുന്നതിനു മുമ്പ് 2009 മുതൽ 2013 വരെ സന്‍റോസിനായി കളിച്ച താരം 136 ഗോളുകൾ നേടിയിട്ടുണ്ട്. പിന്നാലെ ബാഴ്സയിലെത്തിയ താരം, ക്ലബിനൊപ്പം 186 മത്സരങ്ങളിൽ 105 ഗോളുകൾ നേടി. പി.എസ്.ജിക്കായി 173 മത്സരങ്ങൾ കളിച്ചു, 118 തവണ വല ചലിപ്പിച്ചു. സൗദി ക്ലബിനൊപ്പം 18 മാസം ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗവും പരിക്കേറ്റ് കളത്തിനു പുറത്തായിരുന്നു. ആകെ ഏഴു മത്സരങ്ങളാണ് ഹിലാലിനായി കളിച്ചത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/SH37CUd