ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്ത് ലിവർപൂൾ. മെഴ്സിസൈഡ് ഡെർബിയിൽ എവർട്ടണെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചെമ്പട കീഴടക്കിയത്.
രണ്ടാം പകുതിയിൽ (57ാം മിനിറ്റിൽ) ഡിയോഗോ ജോട്ടയാണ് ടീമിന്റെ വിജയഗോൾ നേടിയത്. കൊളംബിയൻ താരം ലൂയിസ് ഡയസാണ് ഗോളിന് വഴിയൊരുക്കിയത്. ലീഗിൽ എട്ടു മത്സരങ്ങൾ ബാക്കി നിൽക്കെ കിരീടത്തിലേക്ക് ലിവർപൂളിന് 13 പോയന്റിന്റെ അകലം മാത്രമാണുള്ളത്. നിലവിൽ 30 മത്സരങ്ങളിൽനിന്ന് 73 പോയന്റാണ് ആർനെ സ്ലോട്ടിനും സംഘത്തിനും. രണ്ടാമതുള്ള ആഴ്സണലിനേക്കാൾ 12 പോയന്റിന്റെ ലീഡ്.
ലീഗിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ തകർത്തു. ജാക്ക് ഗ്രീലിഷ് 16 മാസത്തിനുശേഷം സിറ്റിക്കായി വലകുലുക്കി. രണ്ടാം മിനിറ്റിലായിരുന്നു ഗോൾ. 29ാം മിനിറ്റിൽ ഈജിപ്ഷ്യൻ താരം ഉമർ മാർമൗഷും സിറ്റിക്കായി ഗോൾ നേടി. ജയത്തോടെ ന്യൂകാസിലിനെ മറികടന്ന് സിറ്റി പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. 30 മത്സരങ്ങളിൽനിന്ന് 51 പോന്റയ്. 57 പോയന്റുള്ള നോട്ടിങ്ഹാം ഫോറസ്റ്റാണ് മൂന്നാം സ്ഥാനത്ത്.
ലീഗിൽ ലെസ്റ്ററിന്റെ തുടർച്ചയായ ഏഴാം തോൽവിയാണിത്. ലെസ്റ്ററിന് ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാൻ ആയില്ല. പരിക്കേറ്റ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലാൻഡ് ഇല്ലാതെയാണ് സിറ്റി കളിക്കാനിറങ്ങിയത്. മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ 2-1ന് ബ്രെന്റ്ഫോർഡിനെയും ആസ്റ്റൺ വില്ല 3-0ത്തിന് ബ്രൈറ്റണെയും ഇപ്സ്വിച്ച് 2-1ന് ബേൺമൗത്തിനെയും പരാജയപ്പെടുത്തി. സതാംപ്ടൺ-ക്രിസ്റ്റൽ പാലസ് മത്സരം സമനിലയിൽ (1-1) പിരിഞ്ഞു.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/ZCkLxUW