മ്യൂണിക്: നീണ്ട 25 വർഷത്തെ അവിസ്മരണീയമായ സാന്നിധ്യത്തിനുശേഷം ജർമൻ ഇതിഹാസ താരം തോമസ് മ്യൂളർ ബയേൺ മ്യൂണിക് കലബ് വിടുന്നു.
2000ലാണ് പത്ത് വയസ്സുള്ളപ്പോൾ മ്യൂളർ ബയേൺ ക്ലബിന്റെ അക്കാദമിയിൽ ചേർന്നത്. സീസണിനുശേഷം കരാർ അവസാനിക്കാനിരിക്കുന്ന 35 കാരനായ മിഡ്ഫീൽഡർ ബയേണുമായുള്ള സംയുക്ത പ്രസ്താവനയിലാണ് ക്ലബ് വിടുന്നത് അറിയിച്ചത്. ബയേണിനുവേണ്ടി 12 ബുണ്ടസ് ലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗും നേടാൻ മ്യൂളർ സഹായിച്ചിട്ടുണ്ട്. ബയേണിനൊപ്പം ആകെ 33 കിരീടങ്ങൾ നേടി. സമീപകാലത്ത് ഇലവനിൽ ഇടംനേടിയിരുന്നില്ല.
ഇന്ന് തനിക്ക് മറ്റേതൊരു ദിവസത്തേയും പോലെയല്ലെന്ന് വ്യക്തമാണെന്ന് വിടവാങ്ങൽ സന്ദേശത്തിൽ മ്യൂളർ പറഞ്ഞു. ‘ബയേൺ മ്യൂണിക്കിലെ കളിക്കാരനെന്ന നിലയിൽ എന്റെ 25 വർഷങ്ങൾ ഈ വേനൽക്കാലത്ത് അവസാനിക്കും.
അതുല്യമായ അനുഭവങ്ങൾ, മികച്ച പോരാട്ടങ്ങൾ, മറക്കാനാവാത്ത വിജയങ്ങൾ എന്നിവ നിറഞ്ഞ അവിശ്വസനീയമായ യാത്രയായിരുന്നു അത്’- സൂപ്പർ മിഡ്ഫീൽഡർ പറഞ്ഞു.
2008ൽ ജർഗൻ ക്ലിൻസ്മാന്റെ കീഴിലാണ് മ്യൂളർ ബയേൺ ടീമിൽ അരങ്ങേറ്റം കുറിച്ചത്. അടുത്ത സീസണിൽ ലൂയിസ് വാൻ ഗാലിന് കീഴിലായിരുന്നു. 247 ഗോളുകൾ നേടിയ അദ്ദേഹം 743 മത്സരങ്ങളുമായി ക്ലബിൽ റെക്കോഡ് സാന്നിധ്യമായി.
ജൂൺ, ജൂലൈ മാസങ്ങളിൽ അമേരിക്കയിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിലാകും ബയേണിൽ മ്യൂളറുടെ അവസാന മത്സരം.
From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/1IojESF