
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് കിരീട പോരിൽ ടീമുകൾ എട്ടായി ചുരുങ്ങിയിരിക്കുന്നു. ബയേൺ മ്യൂണിക്, ഇന്‍റർ മിലാൻ, റയൽ മഡ്രിഡ്, ആഴ്സനൽ, ബൊറൂസിയ ഡോർട്മുണ്ട്, പാരീസ് സെന്‍റ് ജെർമെയ്ൻ, ആസ്റ്റൺ വില്ല എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ ഇടം നേടിയത്.
ഇനിയുള്ള പോരാട്ടങ്ങൾ തീപിടിപ്പിക്കുമെന്ന് ഉറപ്പ്. ചാമ്പ്യൻസ് ലീഗിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയ റയൽ മഡ്രിഡിന് കരുത്തരായ ആഴ്സനലാണ് എതിരാളികൾ. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി ഇംഗ്ലീഷ് ക്ലബ് ആസ്റ്റൺ വില്ലയുമായി ഏറ്റുമുട്ടും. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടും ബയേൺ മ്യൂണിക്കിന് ഇറ്റാലിയൻ ക്ലബ് ഇന്‍റർമിലാനുമാണ് എതിരാളികൾ. മത്സര ഫലങ്ങൾ പ്രവചനാതീതമായിരിക്കെ, ഒപ്റ്റ സൂപ്പർ കമ്പ്യൂട്ടർ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീട സാധ്യതകൾ പ്രവചിച്ചിരിക്കുകയാണ്.
കിരീട ഫേവറൈറ്റുകളിൽ കൂടുതൽ സാധ്യത നൽകുന്നത് ഹാൻസി ഫ്ലിക്കിന്‍റെ ബാഴ്സക്കാണ്. എല്ലാ മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്ത് കുതിച്ചിരുന്ന ലിവർപൂൾ പ്രീക്വാർട്ടറിൽ പി.എസ്.ജിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായതോടെയാണ് ബാഴ്സ ഫേവറൈറ്റുകളിൽ ഒന്നാമതെത്തിയത്. 20.4 ശതമാനമാണ് സൂപ്പർ കമ്പ്യൂട്ടർ കറ്റാലൻസിന് സാധ്യത നൽകുന്നത്. തൊട്ടുപിന്നിലായി പി.എസ്.ജിയുണ്ട് (19.3 ശതമാനം). ആഴ്സണൽ (16.8), ഇന്‍റർ മിലാൻ (16.4) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

നിലവിലെ ചാമ്പ്യന്മാരായ റയലിന് 13.6 ശതമാനം സാധ്യത മാത്രമാണ് സൂപ്പർ കമ്പ്യൂട്ടർ നൽകുന്നത്. സെമി ഫൈനൽ സാധ്യത 47.2 ശതമാനവും ഫൈനൽ സാധ്യത 26 ശതമാനവും. ബയേൺ മ്യൂണിക്ക് (9.7), ആസ്റ്റൺ വില്ല (2.8), ബൊറൂസിയ ഡോർട്ട്മുണ്ട് (ഒന്ന്) എന്നിങ്ങനെയാണ് ബാക്കിയുള്ള ടീമുകളുടെ സാധ്യതകൾ. ഏപ്രിൽ ഒമ്പതിന് ആദ്യപാദ മത്സരവും 17ന് രണ്ടാം പാദ മത്സരവും നടക്കും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/AnNdmsO