ഫ്ലോറിഡ: ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസും ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ സെമി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിന് പാൽമിറാസിനെയാണ് ചെൽസി മടക്കിയത്. ഫ്ലുമിനൻസ് ഇതേ സ്കോറിന് സൗദി അറേബ്യക്കാരായ അൽ ഹിലാലിനെയും വീഴ്ത്തി. ജൂലൈ എട്ടിന് നടക്കുന്ന സെമിയിൽ ചെൽസിയും ഫ്ലുമിനൻസും ഏറ്റുമുട്ടും.
ബ്രസീലിയൻ ക്ലബായ പാൽമിറാസിനെതിരെ 16ാം മിനിറ്റിൽ കോൾ പാമറിലൂടെ നീലപ്പട ലീഡ് പിടിച്ചു. രണ്ടാം പകുതി തുടങ്ങി 53ാം മിനിറ്റിൽ എസ്റ്റെവോ വില്ലിയനിലൂടെ ഗോൾ മടക്കിയതോടെ 1-1. എന്നാൽ, 83ാം മിനിറ്റിൽ പാൽമിറാസ് ഡിഫൻഡർ അഗസ്റ്റിൻ ഗയേയുടെ പേരിൽ രേഖപ്പെടുത്തിയ സെൽഫി ഗോളിലൂടെ ചെൽസി ജയം പിടിച്ചെടുക്കുകയായിരുന്നു. ടൂർണമെന്റിൽ രണ്ടാം മഞ്ഞകാർഡ് ലഭിച്ച ചെൽസി സ്ട്രൈക്കർ ലിയാം ഡെലാപിനും ഡിഫൻഡർ ലെവി കോൾവില്ലിനും സെമിയിൽ കളിക്കാനാവില്ല. അതേസമയം, നിലവിലെ റണ്ണറപ്പായ ഫ്ലുമിനൻസ് കളിയുടെ 40ാം മിനിറ്റിൽ മാത്യൂസ് മാർട്ടിനെല്ലി നേടിയ ഗോളിൽ ഹിലാലിനെതിരെ ലീഡ് പിടിച്ചു.
51ാം മിനിറ്റിൽ മാർകോസ് ലിയനാഡോയിലൂടെ തിരിച്ചടിയെത്തിയെങ്കിലും 70ാം മിനിറ്റിൽ ഹെർകുലീസ് ബ്രസീലുകാർക്ക് വിജയം സമ്മാനിച്ചു. 2023ലെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോൽക്കുകയായിരുന്നു ഫ്ലുമിനൻസ്. 2022ൽ ഫൈനലിലെത്തിയ ഹിലാലിനെ പരാജയപ്പെടുത്തി റയൽ മഡ്രിഡ് കിരീടം നേടിയിരുന്നു.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ